
തിരുവനന്തപുരം: കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറുടെ ഉത്തരവുകൾ പാലിക്കാതിരുന്ന പുനലൂർ യൂണിറ്റിലെ അസിസ്റ്റൻറ് ട്രാൻസ്പോർട്ട് ഓഫീസർ കെ.പി ഷിബുവിനെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.കെഎസ്ആർടിസിയിലെ അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിനായി ഗതാഗത വകുപ്പ് മന്ത്രി മുന്നോട്ടുവച്ച ഏറ്റവും പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ് ഓഫീസുകളിൽ ജീവനക്കാർ സീറ്റിൽ ഇല്ലാത്തപ്പോഴും അനാവശ്യമായും ലൈറ്റും ഫാനും ഓൺ ചെയ്തിടുന്നത് ഒഴിവാക്കണം എന്നുള്ളത്. കൂടാതെ എല്ലാ ശനിയാഴ്ച പ്രവൃത്തി ദിവസങ്ങളിലും 'സ്മാർട്ട് സാറ്റർഡേ' ആചരിക്കുന്നതിനും ഈ ദിവസം ഉച്ചയ്ക്ക് ശേഷം ജീവനക്കാർ അവരവരുടെ വിഭാഗങ്ങളിലെ ഫയലുകൾ, മറ്റ് ഓഫീസ് ഉപകരണങ്ങൾ ഓഫീസും പരിസരവും വൃത്തിയാക്കി അടുക്കും ചിട്ടയോടും കൂടി ക്രമീകരിക്കുന്നതിനായും നിർദ്ദേശം നൽകിയിരുന്നു. ഇവ സംബന്ധിച്ച് ചെയർമാൻ ആൻഡ് മാനേജ് ഡയറക്ടർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
05.04.2024ന് കെഎസ്ആർടിസിയുടെ പുനലൂർ യൂണിറ്റിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ടി ഉത്തരവുകൾ പൂർണ്ണമായും ലംഘിക്കപ്പെടുന്നതായി കണ്ടെത്തുകയായിരുന്നു. ഉത്തരവ് നടപ്പിലാക്കുന്നതിൽ യൂണിറ്റ് ഓഫീസറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശ്രീ പി.എസ് പ്രമോജ് ശങ്കർ പുനലൂർ യൂണിറ്റ് ഓഫീസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
പരിശോധനയിൽ സർവീസ് ഓപ്പറേഷനിലും യൂണിറ്റ് അധികാരിയുടെ മേൽനോട്ട പിഴവ് ഉള്ളതായി വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു.വരും ദിവസങ്ങളിലും കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി യൂണിറ്റുകളിലും ഇത്തരത്തിൽ പരിശോധനകൾ തുടരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam