കൊച്ചി: സ്വർണ്ണക്കള്ളക്കടത്ത് കേസ് ഉന്നത സ്വാധീന ശക്തികളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിപകർപ്പ് നൽകാനാകില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ. സ്വപ്‌ന സുരേഷിന് മൊഴി പകർപ്പ് നൽകുന്നത് അന്വേഷണത്തെ തടസപ്പെടുത്താനിടയാക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. കസ്റ്റംസിന് നൽകിയ മൊഴിയുടെ പകർപ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജിയെ എതിർത്താണ് കസ്റ്റംസ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്.
'അധികാര കേന്ദ്രങ്ങളിൽ അപാരമായ സ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ്. വിദേശത്തെയടക്കം ഒട്ടേറെ ഉന്നത വ്യക്തികളുമായുള്ള ബന്ധം അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തിൽ സ്വാധീന ശക്തിയുള്ളവരും ഉന്നത സ്ഥാനത്തിരിക്കുന്നവരുമായ വ്യക്തികളെക്കുറിച്ച് മൊഴിയിൽ പറയുന്നുണ്ട്. കേസുമായി ബന്ധമുള്ള ഉന്നതരിലേക്കും ഉയർന്ന രാഷ്ട്രീയ പൊതു വ്യക്തികളിലേക്കും എത്തിച്ചേരാനാണ് കസ്റ്റംസ് ശ്രമിക്കുന്നത്. ഇന്ത്യക്കകത്തും പുറത്തുമുള്ളവർ ഇതിലുണ്ട്. കോൺസുലേറ്റിന്റെ തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്താണ് 1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്താൻ സ്വപ്നക്ക് കഴിഞ്ഞത്'. സ്വപ്ന ആവശ്യപ്പെട്ടതനുസരിച്ചാണ് മൊഴി മുദ്രവെച്ച കവറിൽ കോടതിയിൽ നൽകിയതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
അതേ സമയം വിമാനത്താവള സ്വർണ്ണക്കളളക്കടത്തുകേസിലടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നത് കസ്റ്റംസ് തുടരുന്നു. കേസിലെ മറ്റ് പ്രധാന പ്രതികളേയും വിവിധ ജയിലുകളിൽ കസ്റ്റംസ് ഒരേ സമയം ചോദ്യം ചെയ്യുന്നുണ്ട്. ഇതിനിടെ സ്വപ്ന സുരേഷ്, സന്ദീപ് എന്നിവർക്കെതിരെ കോഫേ പോസ കുറ്റം ചുമത്താൻ ആഭ്യന്തരമന്ത്രാലയം കസ്റ്റംസിന് അനുമതി നൽകി. പതിവായി സാന്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയുന്നതിനുളള നിയമമാണിത്. ഇതനുസരിച്ച് പ്രതികളെ ഒരു വർഷം വരെ വിചാരണ കൂടാതെ തടവിൽ ഇടാനാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam