Asianet News MalayalamAsianet News Malayalam

സ്വപ്നക്കും സന്ദീപിനുമെതിരെ കോഫേപോസ ചുമത്തി, ഒരു വർഷം വരെ തടവിലാവും: ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ തുടരുന്നു

സ്ഥിരം സാന്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്‍റെ പ്രത്യേകത. 

cofeposa issued against swapna suresh
Author
Kochi, First Published Oct 10, 2020, 4:48 PM IST

കൊച്ചി: സ്വ‍ർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫോ പോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെയാണ് കോഫോ പോസ ചുമത്തിയത്. നിരന്തരം സാമ്പത്തിക തട്ടിപ്പുകൾ നടത്തിയവ‍ർക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ. കോഫേ പോസ പ്രകാരം കേസെടുത്താൽ പ്രതികളെ കരുതൽ തടങ്കല്ലിലേക്ക് മാറ്റാൻ അന്വേഷണ ഏജൻസിക്ക് അധികാരമുണ്ട്. 

സ്വപ്ന സുരേഷിനും സന്ദീപിനുമെതിരെ  കോഫേ പോസ ചുമത്താൻ അഭ്യന്തര സെക്രട്ടറിയാണ് അനുമതി നൽകിയത്. ഇതേ തുട‍ർന്ന് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോ​ഗസ്ഥ‍ർ കാക്കനാട് ജില്ലാ ജയിലിൽ എത്തിയി. സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയിൽ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതൽ തടങ്കലിൽ പാ‍ർപ്പിക്കാനായി സെൻട്രൽ ജയിലിലേക്ക് മാറ്റും. 

കോഫേ പോസ നിയമപ്രകാരം സ്വർണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു  വർഷത്തെ കരുതൽ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ അതിൽ നിന്ന് തടയാൻ വിചാരണ കൂടാതെ ഒരു വർഷം കരുതൽ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിൻ്റെ പ്രത്യേകത. കോഫോ പോസ ബോ‍ർ‍ഡാണ് ഇതിന് അനുമതി നൽകേണ്ടത്. കളളക്കടത്തിലെ ഇടനിലക്കാർ, പണം മുടക്കിയവർ, സ്വർണം വാങ്ങിയവർ എന്നിവർക്കെതിരെയും സമാനമായ രീതിയിൽ ശക്തമായ നടപടിയുണ്ടാവും എന്നാണ് സൂചന. 

അതേസമയം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ 11 മണിക്കൂറുകളോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലിൽ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച ശിവശങ്കറിൻ്റെ ചോദ്യം ചെയ്യൽ ഇന്ന് ഏഴ് മണിക്കൂർ പിന്നിട്ടു. 

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കസ്റ്റംസിൻ്റ ഒരു സംഘം കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തിയത്. വിയ്യൂരിലായിരുന്ന സ്വപ്ന കഴിഞ്ഞ ദിവസം പ്രത്യേകം അപേക്ഷ നൽകി കാക്കനാട്ടേക്ക് ജയിൽ മാറ്റം വാങ്ങിയിരുന്നു.  പത്തരയോടെ എം ശിവശങ്കർ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തി. ഇന്നലെ 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ശിവശങ്കറോട് കൊച്ചിയിൽ തങ്ങാൻ ആവശ്യപ്പടുകയായിരുന്നു. കോൺസുലേറ്റു വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാൻ കൊച്ചിയിൽ എത്തണം എന്നാണ് നോട്ടീസ് നൽകിയിരുന്നതെങ്കിലും സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. 

ശിവശങ്കറെ കള്ളക്കടത്തുമായി നേരിട്ട് ബസിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണ  എജൻസികൾ പറഞ്ഞിരുന്നത്. എന്നാൽ പ്രതികൾ ഡിലേറ്റ് ചെയ്തതടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെയാണ് കസ്റ്റംസിൻ്റ പുതിയ നീക്കം.  ദൂരുഹമായ വാട്സ് അപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും  സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. ഇത് സംബസിച്ച് ശിവശങ്കർ ഇന്നലെ നൽകിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യുന്നത്. ഇതിനിടെ രഹസ്യമൊഴി നൽകിയ ശേഷം തനിക്ക് ഭീഷണി ഉണ്ട് എന്ന് കാട്ടി സന്ദീപ് നൽകിയ ഹരജി എൻഐഎ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Follow Us:
Download App:
  • android
  • ios