തിരുവനന്തപുരം: സ്വർണ കള്ളകടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ തിരുവനന്തപുരത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിന് പങ്കാളിത്തമുണ്ടെന്ന് ആരോപണമുയര്‍ന്ന കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പ് ഉടമയുടെ ഭാര്യയാണ് കസ്റ്റഡിയിലായത്. അതേസമയം, വര്‍ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ ഒളിവിലാണ്.

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്ന സംശയമാണ് ഉയരുന്നത്. നെടുമങ്ങാട്ടും മറ്റ് സ്ഥലങ്ങളിലും ശാഖകൾ ഉള്ള കാർബൺ ഡോക്ടർ എന്ന വര്‍ക് ഷോപ്പിൽ സ്വപ്നക്കും സരിത്തിനും പങ്കാളിത്വമുണ്ടെന്നാണ് കസ്റ്റംസിന്‍റെ സംശയം. അടുത്തിടെ സന്ദീപ് ഒരു ആഡംബര കാറും വാങ്ങിയിരുന്നു. സന്ദീപിൻ്റെ സാമ്പത്തിക വളർച്ചയിൽ ഒട്ടേറെ സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യാനാണ് സന്ദീപിന്‍റെ ഭാര്യയെ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ ബിനാമിയാണ് സന്ദീപ് എന്നാണ് സംശയം.

Also Read: 'കാർബൺ ഡോക്ടർ' ഉടമ സന്ദീപ് നായർ എവിടെ? സ്വപ്നയുമായി അടുത്ത ബന്ധം? ദുരൂഹത

കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടത്തിന് സ്പീക്കർ എത്തിയതും വിവാദമായിരുന്നു. സ്ഥാപനത്തിന്‍റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. 2019 ഡിസംബര്‍ 31-നാണ് നെടുമങ്ങാട്ടുള്ള കാര്‍ബൺ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടച്ചടങ്ങില്‍ സ്പീക്കര്‍ പങ്കെടുത്തത്. സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോണ്‍ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. ഇതോടെ സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാവുകയാണ്. പൊലീസും കസ്റ്റംസും ഇത് സംബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുമുണ്ട്.

Also Read: 'സ്വപ്ന സുരേഷ് അപരിചിതയല്ല, പുറത്തുവന്ന ഫോട്ടോ പഴയത്', സ്പീക്കർ പറയുന്നു