Kovalam Tourist Insult : വിദേശിയെ അവഹേളിച്ചിട്ടില്ലെന്ന് സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ; മുഖ്യമന്ത്രിക്ക് പരാതി നൽകി

By Web TeamFirst Published Jan 2, 2022, 2:59 PM IST
Highlights

ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം: കോവളത്ത് വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ മുഖ്യമന്ത്രിക്ക് പരാതി നൽകി. ഗ്രേഡ് എസ് ഐ ഷാജിയാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുഖേന പരാതി നൽകിയത്. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നു. അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് ചെയ്തതെന്ന് പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വിദേശിയോട് മോശമായി സംസാരിക്കുയോ മദ്യം കളയാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്കാൻ അന്വേഷണം പൂർത്തിയാക്കിയ ഉദ്യോഗസ്ഥനാണ് താനെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. കോവളത്ത് റൂം ബുക്ക് ചെയ്തിരുന്നവർ ബില്ലുൾപടെ മദ്യവുമായി വന്നപ്പോൾ കടത്തി വിട്ടിരുന്നുവെന്നും ഷാജി പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

ഹോം സ്റ്റേ കയ്യേറിയെന്ന് പരാതിയുമായി സ്റ്റീഫൻ

സ്വീഡിഷ് പൗരൻ (Swedish Citizen) സ്റ്റീഫൻ മറ്റൊരു പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. തന്‍റെ പേരിലുള്ള ഹോം സ്റ്റേ കയ്യേറിയതില്‍ നടപടി ആവശ്യപ്പെട്ടാണ് സ്റ്റീഫൻ ഫോർട്ട് അസി. കമ്മീഷണറെ സമീപിച്ചത്. കോവളം വെള്ളാറിൽ ഹോം സ്റ്റേ നിർമ്മിക്കാൻ സ്വന്തം കമ്പനിയുടെ പേരിൽ ഒന്‍പത് സെന്‍റ് വസ്തു സ്റ്റീഫൻ വാങ്ങിയിരുന്നു. രണ്ട് പേരിൽ നിന്നാണ് ഭൂമി വാങ്ങിയത്. മുൻ ഭൂ ഉടമയുടെ ബന്ധു ഹോം സ്റ്റേയിൽ കയ്യേറി താമസിക്കുന്നതായും തന്‍റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് ഫോർട്ട് അസി. കമ്മീഷണറെ കണ്ട് സ്റ്റീഫൻ അറിയിച്ചത്. സ്വത്ത് തർക്ക കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണിയിലാണ്. അഭിഷകനുമായി ആലോചിച്ച് പൊലീസിൽ രേഖാമൂലം പരാതി നൽകുമെന്നും സ്റ്റീഫൻ പറയുന്നു. ഇന്നലെ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചപ്പോഴും ഹോം സ്റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാണന്ന് സ്റ്റീഫൻ അറിയിച്ചിരുന്നു. 

അതേസമയം പുതുവത്സരതലേന്ന് മദ്യം വാങ്ങിവന്ന സ്റ്റീഫനെ അവഹേളിച്ച സംഭവം വിവാദമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. സ്റ്റീഫനെ തടഞ്ഞ് വാഹന പരിശോധന നടത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്ഐ അനീഷ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവർ‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. കോവളം തീരത്തേക്ക് മദ്യവുമായി പോകരുതെന്ന ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം പാലിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാർ നീക്കം. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഉള്‍പ്പെട്ട പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്ന് ടൂറിസം മന്ത്രി മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കൂടുതൽ അന്വേഷണം.

click me!