കര്‍ദ്ദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസ്; പ്രതികളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published May 20, 2019, 7:55 AM IST
Highlights

പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത്, ഫാദർ പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി പ്രതിപട്ടികയിൽ നിന്നും ഇരുവരെയും ഒഴിവാക്കാൻ വിസമ്മതിക്കുകയും അന്വേഷണം തുടരാമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 

എന്നാൽ അന്വേഷണത്തിന്‍റെ പേരിൽ ഇരുവരെയും പീഡിപ്പിക്കരുതെന്ന നിർദ്ദേശം പൊലീസിന് നൽകിയിരുന്നു. കേസിൽ ഒരു പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിനിടെ കേസില്‍ പോലീസ് അന്വേഷിക്കുന്ന ഫാ.ടോണി കല്ലൂക്കാരന്‍ ഹൈക്കോടതിയില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

കേസില്‍ അറസ്റ്റിലായ ആദിത്യനെ കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വ്യാജരേഖ ആദ്യം ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് ആദിത്യനാണ്. വ്യാജരേഖ നിര്‍മ്മിച്ചത് ആദിത്യനാണെന്നും, തേവരയിലെ കടയില്‍ വച്ചാണ് രേഖകള്‍ തയാറാക്കിയതെന്നും പൊലീസ് പറഞ്ഞു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നാണ് ആദിത്യന്‍റെ മൊഴി. സഭയിൽ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. 

Also Read: വ്യാജരേഖ കേസ്: എറണാകുളം സ്വദേശി റിമാൻഡിൽ വ്യാജരേഖ വൈദികന്‍റെ ആവശ്യപ്രകാരമെന്ന് മൊഴി

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!