കർദ്ദിനാൾ ആലഞ്ചേരിക്കെതിരായ വിമത വൈദികരുടെ സമരം; സ്ഥിരം സിനഡ് ഇടപെടുന്നു

By Web TeamFirst Published Jul 19, 2019, 7:35 AM IST
Highlights

ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സിറോ മലബാർ സഭ സ്ഥിരം സിനഡിന്റെ അംഗങ്ങള്‍ ഉപവാസം നടത്തുന്ന വൈദികരുമായി ചർച്ച നടത്തും. 

കൊച്ചി: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഒരു വിഭാഗം വൈദികരുടെ പ്രതിഷേധ സമരത്തിൽ സമവായ നീക്കവുമായി സ്ഥിരം സിനഡ്. സിറോ മലബാർ സഭ സ്ഥിരം സിനഡിന്റെ അംഗങ്ങള്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഉപവാസം നടത്തുന്ന വൈദികരുമായി ചർച്ച നടത്തും. ഭൂമിയിടപാടിൽ കർദ്ദിനാളിനെതിരെ നിലപാടെടുത്ത വൈദികരെ വ്യാജരേഖ കേസിന്‍റെ പേരിൽ വേട്ടയാടുന്നുവെന്നാണ് സമരം ചെയ്യുന്ന വൈദികർ ആരോപിക്കുന്നത്. 

വിവാദ ഭൂമി ഇടപാടിലും വ്യാജരേഖ കേസ് അടക്കമുള്ള വിഷയങ്ങളിലും കർദ്ദിനാളിനും ഒരു വിഭാഗം വൈദികരും തമ്മിൽ നിലനിൽക്കുന്ന ഭിന്നതയാണ് സഭാ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത സമരത്തിലേക്ക് നയിച്ചത്. കർദ്ദിനാളിനെ ഭരണച്ചുമതലയിൽ നിന്ന് ഒഴിവാക്കുക എന്നതാണ് വൈദികർ ഉന്നയിക്കുന്ന പ്രധാന ആവശ്യം. വ്യാജ രേഖ കേസിൽ അന്വേഷണം ആവശ്യപ്പെട്ട് കർദ്ദിനാൾ നൽകിയ കേസ് പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. 

ഭൂമി ഇടപാട് കേസിൽ കർദ്ദിനാളിനെതിരെ പ്രത്യക്ഷ നിലപാട് സ്വീകരിച്ച മുൻ വൈദിക സമിതിയിലെ സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് വൈദികർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തങ്ങൾ ഉയർത്തിയ ആവശ്യങ്ങളിൽ സ്ഥിരം സിനഡ് അംഗങ്ങൾ നേരിട്ടെത്തി ചർച്ച നടത്തും വരെ സമരം തുടരും എന്നാണ് വൈദികരുടെ നിലപാട്.

click me!