K V Thomas : 'കെ വി തോമസിന്റെ മറുപടി ലഭിച്ചു'; വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെന്ന് താരിഖ് അൻവർ

By Web TeamFirst Published Apr 19, 2022, 3:20 PM IST
Highlights

വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ വി തോമസിനെതിരെ സസ്പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്ന് താരിഖ് അൻവർ. 

ദില്ലി: മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ വി തോമസിന് (K V Thomas) നൽകിയ കാരണം കാണിക്കല്‍ നോട്ടീസിൽ മറുപടി ലഭിച്ചെന്ന് താരിഖ് അൻവർ. ആൻ്റണി അധ്യക്ഷനായ അച്ചടക്ക സമിതി രണ്ട് ദിവസത്തിനുള്ളിൽ ചേരുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും താരിഖ് അൻവർ പറഞ്ഞു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കെ വി തോമസിനെതിരെ സസ്പെൻഷൻ, പുറത്താക്കൽ അടക്കമുള്ള നടപടി സ്വീകരിക്കാൻ കഴിയുമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. 

വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിനെ തുടർന്നാണ് കെ വി തോമസിന് എഐസിസി കാരണം കാണിക്കല്‍ നോട്ടീസ് നൽകിയത്. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി കെ വി തോമസിനോട് നിര്‍ദ്ദേശിച്ചിരുന്നു. കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്നാണ് അച്ചടക്ക സമിതി വിലയിരുത്തുന്നത്. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പ്രതികരിച്ചിരുന്നത്.

'എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞു'; കുര്യനും തോമസിനും കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ വിമ‍ർശനം

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെയും രാഹുൽ ഗാന്ധിയെ വിമർശിച്ച പി ജെ കുര്യനെതിരെയും കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ രൂക്ഷവിമർശനം. ഇരുവർക്കുമെതിരായ പരാതികളിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്ന് രാഷ്ട്രീയകാര്യസമിതി നിലപാടെടുത്തു. പി ജെ കുര്യനും സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി മൂലം മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിൽ നിന്ന് വിട്ടുനിന്നു.

അംഗ്വത്വ വിതരണത്തിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം മുതിർന്ന നേതാക്കൾക്കെതിരായ വിമർശനത്തോടെയാണ് തുടങ്ങിയത്. പി ജെ കുര്യനും കെ വി തോമസും പാർട്ടിയിൽ നിന്ന് എല്ലാം നേടിയിട്ട് പാർട്ടിയെ തള്ളിപ്പറഞ്ഞുവെന്ന് ടി എൻ പ്രതാപൻ വിമര്‍ശിച്ചു. കർശനമായ അച്ചടക്ക നടപടി വേണമെന്ന പ്രതാപന്റെ ആവശ്യത്തെ ആരും എതിർത്തില്ല. കെ വി തോമസിനെതിരെയുള്ള പരാതി അച്ചടക്കസമിതി പരിഗണിക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇപ്പോൾ മറ്റ് നിലപാടുകൾ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പി ജെ കുര്യൻ രാഹുൽ ഗാന്ധിക്കെതിരെ ഉയർത്തിയ വിമർശനം ഹൈക്കമാൻഡിന്റെ ശ്രദ്ധയിലുണ്ടെന്നും അവർ നിലപാടെടുക്കട്ടെയെന്നും കെപിസിസി നേതൃത്വം വിശദീകരിച്ചു. 

അതേസമയം, യോഗത്തിന് നിന്ന്  പി ജെ കുര്യനും കെ വി തോമസും വിട്ടുനിന്നു. വ്യക്തിപരമായ അസൗകര്യമറിയിച്ചാണ് പി ജെ കുര്യൻ യോഗത്തിൽ പങ്കെടുക്കാത്തതെന്ന് അറിയിച്ചത്. എന്നാൽ ഇന്നലത്തെ വിമർശനത്തിന് പിന്നാലെ താനായിരിക്കും ചർച്ചയുടെ കേന്ദ്ര ബിന്ദുവെന്ന് തിരിച്ചറിഞ്ഞാണ് കുര്യൻ വരാതിരുന്നതെന്നാണ് സൂചന. ഇന്ന് യോഗത്തിൽ നിന്ന് വിട്ടുനിന്ന മുല്ലപ്പള്ളി കെപിസിസി നേതൃത്വവുമായി കുറേകാലമായി അകന്ന് നിൽക്കുകയാണ്. സർക്കാരിനെതിരെ സമര പരിപാടികളുൾപ്പടെ നടത്തുന്നതിൽ നേതൃത്വം പരാജയമാണെന്നാണ് മുല്ലപ്പള്ളിയുടെ വിലയിരുത്തൽ. അതിനിടെ വീണ്ടും സംസ്ഥാന നേതൃത്വത്തെ കെ വി തോമസ് വിമർശിച്ചു.

അംഗത്വ വിതരണത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തത് മെമ്പർഷിപ്പിനെ ബാധിച്ചുവെന്ന വിമർശനം രാഷ്ട്രീയ കാര്യസമിതിയിൽ ഉയർന്നു. കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച സമയക്രമം പാലിക്കുന്നതിൽ വീഴ്ച പറ്റി. കുറഞ്ഞ സമയത്തിനുള്ളിൽ അംഗത്വവിതരണം തീർക്കുന്നതിൽ വെല്ലുവിളി ഉണ്ടായെന്ന് കെ സുധാകരൻ മറുപടി നൽകി. ഡിജിറ്റൽ വഴിയും കടലാസ് വഴിയും 35 ലക്ഷത്തിലധികം അംഗങ്ങളെ ചേർക്കനായെന്ന് പ്രസിഡന്റ് അറിയിച്ചു. തൃക്കാക്കരെ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിലേക്ക് കടക്കാനും യോഗം തീരുമാനിച്ചു.

click me!