
പാലക്കാട്: കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. ചിക്മംഗളൂരുരിലെ ജില്ലാ ആശുപത്രിയിൽ നിന്നും ഇന്നലെ രാത്രി 11.20 നാണ് യാത്ര തിരിച്ചത്. നിരവധിപേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി. കർണാടക പൊലീസിന്റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കർണാടകത്തിലെ ചിക്മംഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്. കാണാനില്ലെന്ന് പറഞ്ഞ പ്രദേശത്തു നിന്ന് 1500 അടി താഴ്ചയിലായിരുന്നു മൃതദേഹം. മലയടിവാരത്തു മുകളിലേക്ക് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്താൻ ആയത്.
ഏറെ പണിപ്പെടേണ്ടി വന്നു മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് ഉദ്യോഗസ്ഥർക്ക് എത്താൻ. കർണാടക പൊലീസിന്റെ സോക്കോ ടീമും ഫോറൻസിക് വിദഗ്ധരും മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പരിശോധന നടത്തി. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിൽ ആയിരുന്നു പരിശോധന. അബദ്ധത്തിൽ ശ്രീനന്ദ ഇവിടേക്ക് വീഴാൻ ഒരു സാധ്യതയും ഇല്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നത്. ആരെങ്കിലും അപായപ്പെടുത്തി ഈ പ്രദേശത്ത് കൊണ്ടുവന്നിട്ടതാകാമെന്നും കുടുംബം പറഞ്ഞിരുന്നു. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തായിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam