'എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്യാം, ഞാനുമായുള്ള ബന്ധം ഉപേക്ഷിക്കണം'; ഒത്തുതീര്‍പ്പിനായി ബിനോയ്; ശബ്ദരേഖ

By Web TeamFirst Published Jul 25, 2019, 7:46 PM IST
Highlights

കുട്ടിയുടെ ഭാവി ചെലവിനുള്ള പണത്തെപ്പറ്റിയാണ് സംഭാഷണത്തില്‍ പരാമർശിക്കുന്നത്. അ‍ഞ്ച് കോടി രൂപ നൽകാമെന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ബിനോയ് പറയുന്നതായി സംഭാഷണത്തിലുണ്ട്.

മുംബൈ: പീഡനകേസിൽ ബിനോയ് കോടിയേരി നേരിട്ട് ഒത്തു തീർപ്പിന് ശ്രമിച്ചുവെന്ന് ആരോപണം. ബിനോയ് പരാതിക്കാരിയായ യുവതിയുമായി നടത്തിയെന്ന് സംശയിക്കുന്ന ശബ്ദരേഖയാണ് യുവതിയുടെ സഹായി പുറത്തുവിട്ടത്. അടുത്ത തിങ്കളാഴ്ച്ചയും ഡി എൻ എ പരിശോധനയയ്ക്കായി രക്തസാമ്പിൾ നൽകിയില്ലെങ്കിൽ ബിനോയിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് യുവതി.

2018 ഡിസംബറിൽ യുവതി വക്കീൽ നോട്ടീസ് അയച്ചതിനുശേഷം നടന്ന സംഭാഷണമാണ് ഇതെന്നാണ് അവകാശവാദം. ഹിന്ദിയിലുള്ളതാണ് ടെലഫോണ്‍ സംഭാഷണം. കുട്ടിയുടെ ഭാവി ചെലവിനുള്ള പണത്തെപ്പറ്റിയാണ് സംഭാഷണത്തില്‍ പരാമർശിക്കുന്നത്. അ‍ഞ്ച് കോടി രൂപ നൽകാമെന്നും താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും ബിനോയ് പറയുന്നതായി സംഭാഷണത്തിലുണ്ട്.

യുവതി: എനിക്കൊന്നും വേണ്ട. നിങ്ങൾ എനിക്ക് അഞ്ചുകോടി തരില്ലെങ്കിൽ നിങ്ങളുടെ മകനു ജീവിക്കാൻ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം.

ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകൾ പലരീതിയിലാണ് പ്രതികരിക്കുന്നത്

യുവതി: ഞാനെന്തുചെയ്യണം?

ബിനോയ്: എന്തുചെയ്യണമെന്ന് ഞാൻ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്‍റെ പേര് നീ മാറ്റണം. നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം.

യുവതി: ശരി.

എന്നാല്‍ ടെലഫോൺ സംഭാഷണം ഉൾപ്പടെയുള്ള തെളിവുകൾ കോടതിയിൽ  സമർപ്പിക്കുമോ എന്നത് യുവതി വ്യക്തമാക്കിയില്ല. ഇതേസമയം ശബ്ദരേഖയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ അഭിഭാഷകനുമായി ചർച്ച ചെയ്ത ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി അറിയിച്ചു.

click me!