സാമ്പത്തിക പ്രതിസന്ധി രൂക്ഷം; തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടും

By Web TeamFirst Published Aug 1, 2021, 7:54 AM IST
Highlights

നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ നീക്കം. നിരക്ക് വർധന ശുപാർശ ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും. കൊവിഡിന് പിന്നാലെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് തീരുമാനമെന്നാണ് വിശദീകരണം.

നിയന്ത്രണങ്ങളിൽ ക്ഷേത്രങ്ങൾ അടച്ചിട്ടതും ഭക്തർക്ക് പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയതുമാണ് ബോർഡിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. ദിവസവും ഉള്ള ആവശ്യങ്ങൾക്ക് പോലും പണം തികയാതെ വന്നതോടെ, ക്ഷേത്രങ്ങളിലെ നിത്യോപയോഗത്തിനല്ലാത്ത പാത്രങ്ങൾ വരെ വിൽക്കാൻ തിരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വഴിപാട് നിരക്ക് കൂട്ടുന്നതിനെ പറ്റി ഗൗരവമായി ആലോചിക്കാൻ തുടങ്ങിയത്. 

നിരക്ക് വർധനയെ പറ്റി പഠിക്കാൻ ദേവസ്വം കമ്മീഷണർ അധ്യക്ഷനായ കമ്മീഷനെയും നിയോഗിച്ചു. കമ്മീഷൻ ശുപാർശകൾ പ്രകാരമാണ് നിരക്ക് വർധന നീക്കം. ക്ഷേത്രങ്ങളിലെ അർച്ചന മുതൽ ശബരിമലയിലെ പ്രധാന വഴിപാടുകളായ അപ്പത്തിന്റെയും അരവണയുടേയും നിരക്ക് ഉയർത്തും. അരവണ വില എൺപത് രൂപയിൽ നിന്ന് നൂറായും അപ്പം വില മുപ്പത്തിയഞ്ചിൽ നിന്ന് അമ്പതായും വർധിപ്പിക്കാനാണ് തീരുമാനം. 

ഹൈക്കോടതിയിൽ നിന്ന് അംഗീകാരം കിട്ടുന്ന മുറയ്ക്ക് പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. മണ്ഡലകാലത്ത് ശബരിമലയിൽ നിന്ന് കിട്ടുന്ന പണമായിരുന്നു തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാനം. കൊവിഡ് കാലത്ത് പൂർണമായി അടച്ചിട്ടതും പിന്നീട് തുറന്നപ്പോൾ ആളെണ്ണം പരിമിതപ്പെടുത്തിയതും തിരിച്ചടയായി. കഴിഞ്ഞ മാസ പൂജയ്ക്ക് അനുവദിക്കപ്പെട്ട ആളുകൾ പോലും എത്തിയില്ല. ഈ സാഹചര്യത്തിലാണ് വരുമാനത്തിനായി മറ്റ് വഴികൾ തേടുന്നത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലെന്നാണ് ബോർഡിന്റെ വിശദീകരണം. 

click me!