കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മാസങ്ങളായി ശമ്പളമില്ലാതെ 140 താല്‍ക്കാലിക ജീവനക്കാര്‍

By Web TeamFirst Published Aug 1, 2021, 8:17 AM IST
Highlights

ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശമ്പളം മുടങ്ങിയത്. 170 കിടക്കകളുള്ള ആശുപത്രിയില്‍ തുടരുന്നത് 54 കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണാണ്

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ല. ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് കമ്മിറ്റി മുഖേന നിയമിതരായ ജോലി ചെയ്യുന്ന 140 പേർക്കാണ് മൂന്ന് മാസമായി ശമ്പളം മുടങ്ങിയിരിക്കുന്നത്. ഏപ്രിലിലാണ് അവസാനമായി ശമ്പളം കിട്ടിയതെന്നാണ് ജീവനക്കാർ പറയുന്നത്. ആശുപത്രിയുടെ സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പിന് സൂപ്രണ്ട് കത്ത് നൽകി.

ആദിവാസി വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ശമ്പളം മുടങ്ങിയത്. അട്ടപ്പാടി മേഖലയിലെ ആദിവാസികളുടെ പ്രധാന ചികിത്സ കേന്ദ്രമാണ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി. നിലവില്‍ കോട്ടത്തറ ആശുപത്രിയിലെ കൊവിഡ്‌- 19 ഫീവര്‍ ക്ലിനിക്ക്‌, 13 ബെഡിന്റെ കൊവിഡ്‌-19 ഐസിയു ബ്ലോക്ക്‌, മറ്റ്‌ കൊവിഡ്‌-19 പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നടത്തിപ്പിന്  താത്കാലിക ജീവനക്കാരെയാണ്‌ നിയോഗിച്ചിട്ടുള്ളത്. 

നാലു കൊല്ലം മുമ്പാണ് ആശുപത്രിയിൽ 100 കിടക്കകൾ അധികമായി സജ്ജീകരിച്ചത്. ഇതോടെ 170 കിടക്കകളുള്ള ആശുപത്രിയായി കോട്ടത്തറ മാറി. പക്ഷേ ആശുപത്രിയില്‍ തുടരുന്നത് 54 കിടക്കകള്‍ക്ക് അനുസൃതമായ സ്റ്റാഫ് പാറ്റേണാണ്. ശമ്പളം നല്‍കാന്‍ പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ആരോഗ്യവകുപ്പിന് സൂപ്രണ്ട് നല്‍കിയ കത്തിൽ ആവശ്യപ്പെടുന്നത്.

click me!