
തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ (UAPA Case) ത്വാഹ ഫസലിന് (Thaha Fazal) ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി ത്വാഹയുടെ അമ്മ ജമീല. കോടതിവിധിയില്‍ (Supreme Court) സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും ജമീല പറഞ്ഞു. മകന്‍റെ രണ്ടുവര്‍ഷത്തെ പഠനം മുടങ്ങി. പഠനത്തിന് ആവശ്യമായ അനുമതികള്‍ കോടതിയില്‍ നിന്ന് ലഭിച്ചിരുന്നു. എന്നാല്‍ അതിനാവശ്യമായ സൌകര്യങ്ങള്‍ ജയിലില്‍ നിന്ന് കിട്ടിയില്ല. കൂടെ നിന്ന എല്ലാവരോടും നന്ദി പറയുന്നതായും ജമീല പറഞ്ഞു. ത്വാഹയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് കേസിലെ മറ്റൊരു പ്രതിയായ അലൻ ഷുഹൈബിൻ്റെ പിതാവ് മുഹമ്മദ് ഷുഹൈബ് പറഞ്ഞു. കേരള പൊലീസിനുള്ള തിരിച്ചടിയാണ് വിധിയെന്നും മുഹമ്മദ് ഷുഹൈബ് പറഞ്ഞു. സുപ്രീംകോടതി ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
ഇരുവരുടേയും മാവോയിസ്റ്റ് ബന്ധം തെളിയിക്കാനുള്ള ശക്തമായ തെളിവുണ്ടെന്ന എൻഐഎ വാദം തള്ളിയാണ് സുപ്രീംകോടതി ത്വാഹയ്ക്ക് ജാമ്യം അനുവദിച്ചതും അലൻ്റെ ജാമ്യം നിലനിർത്തിയതും. ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്ത പുസ്തകങ്ങളും ലഘുലേഖയുമൊക്കെ മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവാണോ എന്ന് വാദം കേൾക്കുന്നതിനിടെ കോടതി ചോദിച്ചു. നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രവാക്യം വിളിക്കുകയോ ചെയ്താല്‍ എങ്ങനെ യുഎപിഎ അനുസരിച്ച് കേസെടുക്കുമെന്ന് വാദത്തിനിടെ എന്‍ഐഎയോട് കോടതി ചോദിച്ചു. വാദത്തിനിടെ അലന്‍ ഷുഹൈബ്, ത്വാഹ എന്നിവരുടെ പ്രായം സംബന്ധിച്ച് കോടതിയില്‍ ചര്‍ച്ച ഉയര്‍ന്നപ്പോള്‍ തീവ്രവാദത്തിന് പ്രായമില്ലെന്നായിരുന്നു എന്‍ഐഎയുടെ മറുപടി. കേസെടുക്കുമ്പോള്‍ അലന്‍ ഷുഹൈബിന് 19 ഉം ത്വാഹ ഫസലിന് 23 ഉം ആയിരുന്നു പ്രായം.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയതെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു വാദത്തിനിടെ കോടതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് അലൻ ഷുഹൈബിനും, ത്വാഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഹൈക്കോടതി ത്വാഹ ഫസലിന്റെ ജാമ്യം റദ്ദാക്കി. എന്നാൽ അലൻ ഷുഹൈബിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയാറായില്ല. ഈ സാഹചര്യത്തിലാണ് എൻഐഎ സുപ്രീംകോടതിയെ സമീപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam