പ്രണയത്തിന്റെ പേരിൽ ചതിക്കുഴികൾ; ലൗ ജിഹാദിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്ന് തലശ്ശേരി അതിരൂപത

By Web TeamFirst Published Apr 19, 2022, 5:30 PM IST
Highlights

തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി പെൺകുട്ടികളെ മതം മാറ്റുന്നു. ഇക്കാര്യത്തിലെ എൻഐഎ അന്വേഷണം പ്രഹസനമായിരുന്നു. 

കണ്ണൂർ: ലൗ ജിഹാദിൽ സർക്കാർ സമഗ്രമായ  അന്വേഷണം നടത്തണമെന്ന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി.  ലൗ ജിഹാദിന് നൂറ് കണക്കിന് ഉദാഹരണങ്ങൾ കേരളത്തിലുണ്ട്. തീവ്രവാദ സംഘടന പ്രണയത്തിന്റെ പേരിൽ ചതിക്കുഴികൾ ഒരുക്കിയിട്ടുണ്ടെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളിൽ കൊണ്ടുപോയി പെൺകുട്ടികളെ മതം മാറ്റുന്നു. സഭ ഔദ്യോഗികമായി മതം മാറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടേണ്ട കാര്യമില്ല. ഇക്കാര്യത്തിലെ എൻഐഎ അന്വേഷണം പ്രഹസനമായിരുന്നു. കോടഞ്ചേരിയിലെ ജോയ്സ്നയുടെ മാതാപിതാക്കൾ ഉന്നയിച്ച ആശങ്ക സർക്കാ‍ർ ഗൗരവമായി കാണണം.

സിപിഎം നേതാവ് ജോർജ് എം തോമസ് നിലപാട് മാറ്റിയതിൽ പൊതു സമൂഹത്തിന് സംശയം ഉണ്ട്. ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാർഹമാണ്. ഒരുമിച്ച് പ്രവർത്തിക്കാൻ പറ്റുന്ന മേഖലകളിൽ ഇനി ഒന്നിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. 

Read Also: ലൗ ജിഹാദ്; ജോര്‍ജ് എം തോമസിനെ തള്ളി കോടിയേരി, നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കും

അതേസമയം, കോഴിക്കോട് കോടഞ്ചേരിയിലെ വിവാദമായ മിശ്രവിവാഹത്തിലെ പെൺകുട്ടി  ജോയ്സ്നയെ യുവാവിനൊപ്പം പോകാൻ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കോടഞ്ചേരി സ്വദേശി ജോയ്സ്നയുടെ അച്ഛൻ ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചു.

ഷെജിനൊപ്പം ഹൈക്കോടതിയിലെത്തിയ ജോയ്സന നിലപാട് ആവർത്തിച്ചു. മാതാപിതാക്കളെ കാണാൻ തത്കാലം ആഗ്രഹിക്കുന്നില്ല,സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനൊപ്പം പോകുന്നത് എന്ന് ജോയ്സ്ന അറിയിച്ചു. ജോയ്സനയെ കേട്ട കോടതി ഉടൻ ഹർജി തീർപ്പാക്കി പെൺകുട്ടിയുടെ തീരുമാനം അംഗീകരിച്ചു. വിദേശത്തേക്ക് പോകാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും അച്ഛൻ ജോസഫ് ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പരിഗണിച്ചില്ല. 26വയസ്സുള്ള ജോയ്സ്ന വിദേശത്തടക്കം ജോലി ചെയ്ത് ലോകം കണ്ട വ്യക്തിയാണ്. സ്വന്തമായി തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷെജിനുമായി വിവാഹിതയായ ജോയ്സന നിയമവിരുദ്ധമായി കസ്റ്റഡിയിലാണെന്നും പറയാനാകില്ല. അതിനാൽ വ്യക്തിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടാൻ പരിധി ഉണ്ടെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് സി എസ് സുധ, ജസ്റ്റിസ് വിജി അരുൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജി തീർപ്പാക്കിയത്.

ജോയ്സ്നയെ ഇനി കാണണമെന്നില്ലെന്ന് പിതാവ് ജോസഫ് പറഞ്ഞു. മകളെ  കാണണമെന്നായിരുന്നു കോടതിയിൽ വച്ച് ആഗ്രഹം. കോടതിയുടെ തീരുമാനം അംഗീകരിക്കുന്നു.  ഇനി അവളെ കാണണമെന്നില്ല. അവൾ കഴുകന്മാരുടെ അടുത്തേക്ക് ആണ് പോയത് എന്നും ജോസഫ് പ്രതികരിച്ചു. 

Read Also: 'ലോകപരിചയമുള്ള പെൺകുട്ടിയാണ്, പക്വതയുണ്ട്, ഇനി അവർ തീരുമാനിക്കട്ടെ', ഹൈക്കോടതി

click me!