ലൗ ജിഹാദ്; ജോര്‍ജ് എം തോമസിനെ തള്ളി കോടിയേരി, നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കും

By Web TeamFirst Published Apr 19, 2022, 5:25 PM IST
Highlights

പാലക്കാട് കൊലപാതകങ്ങൾ ഗൗരവതരമാണെന്ന് കോടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിതെന്നും കോടിയേരി.

തിരുവനന്തപുരം: കോടഞ്ചേരിയിലെ ലൗ ജിഹാദ് (Love Jihad) വിവാദത്തില്‍ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan). ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് കോടിയേരി പറഞ്ഞു.

പാലക്കാട് കൊലപാതകങ്ങൾ ഗൗരവതരമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ വർഗീയ കലാപത്തിനുള്ള പരിശ്രമമാണ് നടക്കുന്നത്. നാട്ടില്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് നീക്കം. മതസൗഹാർദ്ദ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണിത്. രണ്ട് കൂട്ടരും ഭീതി പരത്താൻ ശ്രമമാണ് നടത്തുന്നത്. മതത്തിൻ്റെ പേരിൽ ജനങ്ങളെ അണിനിരത്താനാണ് ശ്രമം. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ആശങ്ക പരത്താൻ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കൊലപാതകങ്ങളെ യുഡിഎഫ് അപലപിച്ചില്ലെന്നും തള്ളിപ്പെറഞ്ഞില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. സർക്കാരിനെ തള്ളി പറയാൻ ശ്രമിച്ചു. യുഡിഎഫിന് സങ്കുചിത നിലപാടാണ് സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വർഗീയ കലാപമുണ്ടാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍എസ്എസിനും എസ്ഡിപിഐക്കുമെതിരെ ക്യാംപെയ്ന് നടത്താനാണ് സിപിഎം തീരുമാനം. ഏപിൽ 25, 26 തീയതികളിലാണ് പ്രചാരണം നടത്തുക.

എ‍സ്ഡിപിഐ നിരോധനം പ്രായോഗികമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അങ്ങനെയായാല്‍ ആർഎസ്എസിനെയും നിരോധിക്കേണ്ടതല്ലേ എന്നും  കോടിയേരി ചോദിച്ചു. രണ്ട് കൂട്ടരെയും ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിൽ വന്നാൽ പാർട്ടിയായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read: 'ലൗ ജിഹാദ് ഹിന്ദുത്വ അജണ്ട', ജോർജ് എം തോമസിന്‍റെ പ്രസ്താവന പരിശോധിക്കുമെന്ന് യെച്ചൂരി

Also Read: 'അടഞ്ഞ അധ്യായം', മിശ്രവിവാഹം ചെയ്തതിന് ഷിജിനെതിരെ പാർട്ടി നടപടിയുണ്ടാകില്ല

click me!