
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവെന്ന് റിപ്പോർട്. മെഡിക്കൽ ബോർഡാണ് റിപ്പോർട് നൽകിയത്. ജൂലൈ മാസം ആദ്യമാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും ഇവരുടെ നവജാത ശിശുവും മരിച്ചത്. അടുത്തടുത്ത ദിവസങ്ങങളിലായിരുന്നു രണ്ട് മരണവും. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുക്കും.
ഗര്‍ഭിണിയായ 25 കാരിയായ ഐശ്വര്യയെ ജൂൺ അവസാന വാരമാണ് തങ്കം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രസവ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ ആദ്യം അറിയിച്ചിരുന്നത്. പിന്നീട് സാധാരണ പ്രസവം മതിയെന്ന് പറഞ്ഞു. വാക്വം ഉപയോഗിച്ച് കുട്ടിയെ പുറത്തെടുത്തു. ഇതിനിടെ ഐശ്വര്യക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെ്നറിലേറ്ററിലേക്ക് മാറ്റിയെങ്കിലും മരിച്ചു. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു.
മരണം ചികിത്സാ പിഴവ് മൂലമാണന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നിരുന്നു. നവജാത ശിശുവിന്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റി വരിഞ്ഞ നിലയിലായിരുന്നു. വാക്വം ഉപയോഗിച്ച് കുഞ്ഞിനെ പുറത്തെടുക്കാൻ ഏറെ പാടുപെട്ടുവെന്നും ഇതിന്റെ ലക്ഷണങ്ങൾ കുഞ്ഞിന്റെ ശരീരത്തിലുണ്ടെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ഐശ്വര്യയുടെ ആരോഗ്യത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ കൃത്യമായ വിവരങ്ങളൊന്നും നൽകിയില്ലെന്ന് ഭര്‍ത്താവ് ആരോപിച്ചിരുന്നു. അനുമതി പത്രങ്ങളിൽ ചികിത്സയുടെ പേര് പറഞ്ഞു നിർബന്ധപൂർവ്വം ഒപ്പു വാങ്ങി. ഗർഭപാത്രം നീക്കിയത് പോലും അറിഞ്ഞിരുന്നില്ല. ആശുപത്രി അധികൃതരോട് അങ്ങോട്ട് ചോദിച്ചപ്പോഴാണ് അക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam