'ആ യാത്ര പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പാണ്'; തുർക്കിയിലെ ചിത്രത്തിന് മറുപടിയുമായി സൗമ്യ സരിൻ

Published : May 18, 2025, 12:19 PM IST
'ആ യാത്ര പഹൽ​ഗാം ഭീകരാക്രമണത്തിന് മുമ്പാണ്'; തുർക്കിയിലെ ചിത്രത്തിന് മറുപടിയുമായി സൗമ്യ സരിൻ

Synopsis

'നമ്മുടെ എതിർപ്പ് ആ നാട്ടിലെ മനുഷ്യരോടല്ല. ഇപ്പോൾ അവരെ ഭരിക്കുന്ന ഭരണകൂടത്തോടാണ്. അവരുടെ നയതന്ത്ര തീരുമാനങ്ങളോടാണ്. അതിന് മറുപടി ആ നിലയിൽ തന്നെ കൊടുക്കണം. സംശയമില്ല'.

തിരുവനന്തപുരം: തുർക്കി യാത്രയിലെ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്നുണ്ടായ സൈബർ വിമർശനത്തിൽ മറുപടിയുമായി ഡോ. സൗമ്യ സരിൻ. തുർക്കി യാത്ര നടത്തിയത് മാർച്ച്‌ അവസാനം പഹൽ​ഗാം ആക്രമണത്തിന് മുമ്പാണെന്ന് അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. യാത്രയുടെ വിശേഷങ്ങൾ പങ്കു വെച്ച് തുടങ്ങിയ തീയതികൾ നോക്കിയാൽ അക്കാര്യം അറിയാമെന്നും അവർ പറഞ്ഞു. ഞാനിട്ട തുർക്കി യാത്രയുടെ വിശേഷങ്ങൾക്ക് താഴെ വന്നു എന്നേ രാജ്യസ്നേഹം പഠിപ്പിക്കുന്നവർക്ക് വേണ്ടിയാണ് വിശദീകരണമെന്നും അവർ വ്യക്തമാക്കി.

നമ്മുടെ എതിർപ്പ് ആ നാട്ടിലെ മനുഷ്യരോടല്ല. ഇപ്പോൾ അവരെ ഭരിക്കുന്ന ഭരണകൂടത്തോടാണ്. അവരുടെ നയതന്ത്ര തീരുമാനങ്ങളോടാണ്. അതിന് മറുപടി ആ നിലയിൽ തന്നെ കൊടുക്കണം. സംശയമില്ല. നമ്മുടെ വിമാനതാവളങ്ങളിൽ നിന്ന് തുർക്കിയുടെ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത് അങ്ങനെ ഒന്നാണ്. കയറ്റുമതി ഇറക്കുമതി തീരുമാനങ്ങൾ അങ്ങിനെ ഒന്നാണ്. ഒരു പരിധി വരെ ആ രാജ്യത്തേക്ക് സഞ്ചാരികളായി പോകേണ്ട എന്ന് തീരുമാനിക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ ശെരിയാണ് എന്ന് തന്നെ ഞാൻ കരുതുന്നു. 
പക്ഷെ ഇതൊന്നും ആ നാട്ടിലെ ജനങ്ങളെ, മനുഷ്യരെ വെറുക്കാനുള്ള കാരണങ്ങൾ അല്ലെന്നും സൗമ്യ സരിൻ പറഞ്ഞു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഞങ്ങൾ തുർക്കി യാത്ര നടത്തിയത് മാർച്ച്‌ അവസാനം ആണ്. ആ യാത്രയുടെ വിശേഷങ്ങൾ പങ്കു വെച്ച് തുടങ്ങിയ തിയ്യതികൾ നോക്കിയാൽ അറിയാം, അതെല്ലാം പഹൽഗം തീവ്രവാദി അക്രമണത്തിന് മുമ്പേയും ആണ്. ഞാൻ അസർബൈജനിലും പോയിട്ടുണ്ട്. കഴിഞ്ഞ വർഷം. ഈ രണ്ടു സ്ഥലങ്ങളും ഒരു സഞ്ചാരി എന്ന നിലയിൽ എനിക്ക് വളരെ നല്ല അനുഭവങ്ങൾ ആണ് തന്നത്. അതെല്ലാം ഞാൻ നിങ്ങളുമായി ഇവിടെ പങ്കു വെക്കുകയും ചെയ്തതാണ്. 

നോക്കൂ, ഞാൻ യാത്രകൾ അത്രക്ക് ഇഷ്ടപെടുന്ന ഒരാൾ ആണ്. ഒരു സ്ഥലം കാണാൻ വേണ്ടി മാത്രമല്ല എന്റെ യാത്ര. ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോൾ അവിടെ ഉള്ള സംസ്കാരവും മനുഷ്യരെയും അവരുടെ രീതികളും ഭക്ഷണ ക്രമങ്ങളും ആചാരങ്ങളും അങ്ങിനെ കുറെയേറെ കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്.  അതെന്റെ പേജിൽ യാത്ര വിശേഷങ്ങൾ ആയി പോസ്റ്റ്‌ ചെയ്യാറുമുണ്ട്. 
ലോകത്തുള്ള എല്ലാ രാജ്യങ്ങളും നമ്മളുമായി സൗഹൃദ ബന്ധത്തിൽ ആവണം എന്നില്ല. രാഷ്ട്രീയ പരമായി നയതന്ത്ര പരമായി ഓക്കെ നമ്മളുമായി അടുത്തും അകലെയും നിൽക്കുന്ന രാജ്യങ്ങൾ ഉണ്ട്. പക്ഷെ യാത്രകൾ ചെയ്യുന്ന ഒരാൾക്ക് അതെല്ലാം നോക്കി യാത്രകൾ തീരുമാനിക്കുക എന്നത് അസാധ്യമാണ്. പ്രത്യേകിച്ചും നമ്മൾ യാത്ര ചെയ്യുന്ന സമയത്തു യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നിരിക്കെ.
നോക്കൂ, നമ്മുടെ എതിർപ്പ് ആ നാട്ടിലെ മനുഷ്യരോടല്ല. ഇപ്പോൾ അവരെ ഭരിക്കുന്ന ഭരണകൂടത്തോടാണ്. അവരുടെ നയതന്ത്ര തീരുമാനങ്ങളോടാണ്. അതിന് മറുപടി ആ നിലയിൽ തന്നെ കൊടുക്കണം. സംശയമില്ല. നമ്മുടെ വിമാനതാവളങ്ങളിൽ നിന്ന് തുർക്കിയുടെ സേവനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത് അങ്ങനെ ഒന്നാണ്. കയറ്റുമതി ഇറക്കുമതി തീരുമാനങ്ങൾ അങ്ങിനെ ഒന്നാണ്. ഒരു പരിധി വരെ ആ രാജ്യത്തേക്ക് സഞ്ചാരികളായി പോകേണ്ട എന്ന് തീരുമാനിക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ ശെരിയാണ് എന്ന് തന്നെ ഞാൻ കരുതുന്നു. 

പക്ഷെ ഇതൊന്നും ആ നാട്ടിലെ ജനങ്ങളെ, മനുഷ്യരെ വെറുക്കാനുള്ള കാരണങ്ങൾ അല്ല! 
ഒരു നാട് സന്ദർശിക്കുമ്പോഴാണ് നമുക്ക് ആ നാട്ടിലെ മനുഷ്യരുമായി സംവദിക്കാൻ അവസരം കിട്ടുന്നത്. ഞങ്ങൾ തുർക്കി സന്ദർശിച്ചപ്പോൾ അവിടെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഗൈഡുകൾ എല്ലാം അത്രയും ഊഷ്മളമായി ആണ് ഇന്ത്യയെ പറ്റി സംസാരിച്ചത്. അവർക്ക് നമ്മളോട് സ്നേഹമാണ്. ഞങ്ങളെ കപ്പടൊക്കിയ എന്ന സ്ഥലം ചുറ്റി കാണിച്ചത് ഒസാൻ എന്ന ഒരു ഗൈഡ് ആണ്. അയാൾ ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും പറ്റി സംസാരിച്ചത് കേട്ടു പാപ്പു എന്നോട് ചോദിച്ചു എങ്ങിനെ ആണ് ഇയാൾക്ക് ഇത്രയും നമ്മളെ പറ്റി അറിയുന്നത് എന്ന്. കൂടെ ഒരു ആഗ്രഹം കൂടി ഒസാൻ പറഞ്ഞു, അവന് ഒരു ഇന്ത്യക്കാരി പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന്...
ഒസാൻ മാത്രമല്ല, ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന മേരി, ഓസ്മൻ എന്നീ ഗൈഡുകൾ ഒക്കെയും അങ്ങിനെ തന്നെ ആയിരുന്നു. ഒസാൻ അവരുടെ രാജ്യത്തെ പറ്റിയും സംസാരിച്ചു. അതിൽ നിന്നും എനിക്ക് മനസ്സിലായത് അവർ ഇപ്പോഴത്തെ ഭരണകൂടത്തിൽ ഒട്ടും തൃപ്തരല്ല എന്നാണ്. അവിടുത്തെ പ്രസിഡന്റിനെ പറ്റി സംസാരിച്ചപ്പോൾ " ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല " എന്ന് പറഞ്ഞു അയാൾ അവസാനിപ്പിച്ചു.

അതുപോലെ തന്നെ എനിക്ക് ഹോട് എയർ ബലൂൺ ഫോട്ടോ എടുത്തു തന്ന ആദം ഇപ്പോഴും മെസേജുകൾ അയക്കാറുണ്ട്. ഇന്ത്യയിലെ സ്ഥിതിഗതികൾ ശാന്തമായോ എന്ന് അന്വേഷിക്കാറുണ്ട്. തുർക്കിയിൽ ഭൂകമ്പം ഉണ്ടായപ്പോൾ ഞാൻ അങ്ങോട്ടും അന്വേഷിച്ചിരുന്നു. കാരണം അവർ വെറും മനുഷ്യർ ആണ്. അവർക്ക് നമ്മളോട് വെറുപ്പില്ല, സ്നേഹമേയുള്ളു. 
അതുപോലെ പാകിസ്താനിലെയും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഉള്ള മനുഷ്യർ അവരുടെ ഭരണത്തിൽ തൃപ്തരാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒരിക്കലും അല്ല. അവിടെ അവർ പട്ടിണിയിൽ ആണ്. 
UAE ഇൽ ജോലി എടുക്കുന്നവർക്ക് അറിയാം. ഒരു പാകിസ്താനിയേ കാണാതെ നിങ്ങളുടെ ഒരു ദിവസം കഴിയില്ല. ഇന്ത്യക്കാരുടെ അത്ര തന്നെ അവരും ഇവിടെ ഉണ്ട്. ടാക്സി ഡ്രൈവർമാരിൽ ഭൂരിഭാഗവും അവരാണ്. തുണിക്കച്ചവടം, ഫർണിച്ചർ കച്ചവടം, വണ്ടിയുടെ സ്പെയർ പാർട്ടുകൾ എന്നിങ്ങനെ ഉള്ള മേഖലകളെല്ലാം അവരാണ് ഡീൽ ചെയ്യുന്നത്. അവർ ആരും നമ്മളെ ശത്രുവായി കാണാറില്ല. നമ്മൾ അവരെയും. 'ഭായ്' എന്നാണ് എല്ലാവരും പരസ്പരം ഇവിടെ അഭിസംബോധന ചെയ്യുന്നത്...

എന്നേ ദിവസവും കാണിക്കാൻ വരുന്ന കുഞ്ഞുങ്ങളിൽ എന്നും പാക്കിസ്ഥാനിൽ നിന്നുള്ളവർ ഉണ്ടാവാറുണ്ട്. അവർ നമ്മളെ ഇന്ത്യൻ ഡോക്ടർ ആയല്ല കാണുന്നത്. അവരുടെ സ്വന്തം ഡോക്ടർ ആയാണ്. നമ്മളോട് അവർക്ക് അങ്ങിനെ ഒരു ശത്രുത മനോഭാവം ഉണ്ടെങ്കിൽ അവർ വിശ്വാസത്തോടെ എന്റെ അടുത്ത് വരുമോ? ഓപ്പറേഷൻ സിന്ദൂർ നടക്കുന്ന സമയത്തു ഒരു അമ്മ കുഞ്ഞുമായി വന്നു. അവർ അപ്പൊൾ എന്നോട് പറഞ്ഞു, " അടുത്ത ആഴ്ച പാകിസ്ഥാനിൽ പോകാൻ വേണ്ടി ടിക്കറ്റ് എടുത്തതാണ്.  അമ്മക്ക് സുഖമില്ല. ഫ്ലൈറ്റുകൾ എല്ലാം ക്യാൻസൽ ആയി. എത്രയും വേഗം ഈ പ്രശ്നങ്ങൾ ഒന്ന് കഴിഞ്ഞാൽ മതിയായിരുന്നു. സമാധാനം തിരിച്ചു വന്നാൽ മതിയായിരുന്നു" എന്ന്...
ഇവിടെ ടാക്സിയിൽ കയറി ഏതൊരു പാകിസ്താനി ഡ്രൈവരോട് നിങ്ങൾ അവരുടെ നാടിനെ പറ്റി ചോദിച്ചു നോക്കൂ... അവർ സങ്കടത്തോടെ നെടുവീർപ്പിടും. കഴിഞ്ഞ തവണ ഒരു വയസ്സായ പാകിസ്താനി ചാച്ച എന്നോട് ഇന്ത്യയിൽ നിന്ന് ആണല്ലേ എന്ന് ചോദിച്ചു. അതെ എന്ന് ഉത്തരം കേട്ടപ്പോൾ അയാൾ പറഞ്ഞു, " നിങ്ങൾ ഇന്ത്യക്കാർ മിടുക്കരാണ്. നോക്കൂ ഇവിടെ എല്ലാ വലിയ സ്ഥാപനങ്ങളും നിങ്ങളുടെ അല്ലേ... ലുലു, നെസ്റ്റോ എങ്ങിനെ എല്ലാം. എനിക്ക് ഇന്ത്യയിൽ ബന്ധുക്കൾ ഉണ്ട്. അവരെയൊക്കെ കാണണം എന്ന് ആഗ്രഹവും ഉണ്ട്. പക്ഷെ മരിക്കുന്നതിന് മുൻപ് സാധിക്കുമോ എന്നറിയില്ല. ഈ പ്രശ്നങ്ങളൊക്കെ എന്ന് തീരുമോ എന്തോ... "

അപ്പോൾ ഇതൊക്കെ ആണ് ഇവിടങ്ങളിലെ മനുഷ്യർ ...നമ്മളെ ഒക്കെ പോലെ തന്നെ.. വെറും പാവം മനുഷ്യർ ആണ്.  
പ്രശ്നം കാൻസർ പോലെ അവരുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന തീവ്രവാദവും അതിനെ സപ്പോർട്ട് ചെയ്യുന്ന അവരുടെ ഭരണകൂടവും ആണ്. അതിൽ ഒരു പരിധി വരെ അവുടെ ഉള്ള മനുഷ്യർ നിരപരാധികൾ ആണ്.  
ചികിത്സ വേണ്ടത് ആ കാൻസറിനാണ്.
ആ ശരീരത്തോട് മൊത്തം വെറുപ്പ് മനസ്സിൽ സൂക്ഷിച്ചിട്ട് എന്ത് കാര്യം!
ലോകാ സമസ്ത സുഖിനോ ഭവന്തു! 
ഇത് നമ്മൾ ഭാരതീയർ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആര് മനസ്സിലാക്കാനാണ് 😊!?
( താഴെ ഉള്ള ചിത്രം തുർക്കിയിൽ പോയപ്പോൾ എടുത്തതാണ്.  ഇസ്‌തംബൂളിൽ നിന്നും... ഇതൊന്നും പ്രൊമോഷൻ അല്ല. ഓർമകളും അനുഭവങ്ങളും മാത്രമാണ്. )

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, 13ന് വോട്ടെണ്ണൽ
തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്