
കൊച്ചി: പുതിയ സ്കൂൾ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പഠിക്കുന്ന വിലങ്ങ് യു പി സ്കൂളിലെ വിദ്യാർത്ഥികളെ സന്ദർശിച്ച് ബാലാവകാശ കമ്മീഷൻ. കിഴക്കമ്പലം പഞ്ചായത്തും എഞ്ചിനീയറിംഗ് വിഭാഗവും തമ്മിലെ തർക്കം പരിഹരിക്കാൻ ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സിറ്റിംഗ് നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. പുതിയ കെട്ടിടമുണ്ടായിട്ടും അസൗകര്യങ്ങളുടെ നടുവിൽ വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടി വരുന്ന അവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് വാർത്തയാക്കിയത്.
107 വിദ്യാർത്ഥികൾ രണ്ട് ശുചിമുറി ഉപയോഗിക്കുന്നു. കുട്ടികൾക്ക് വിട്ടുമാറാത്ത അസുഖം. ഈ അസൗകര്യങ്ങൾക്കിടയിൽ പഠനം ഒരു രീതിയിലും നടക്കില്ലെന്ന് ബാലാവകാശ കമ്മീഷന് നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടു. അടിയന്തര നടപടി ഉറപ്പാക്കാനായി കിഴക്കമ്പലം പഞ്ചായത്തിനെയും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരെയും നേരിട്ട് വിളിപ്പിച്ച് സിറ്റിംഗ് നടത്തി. ഫിറ്റ്നസ് അനുവദിക്കാത്ത എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും കേൾക്കും. വരുന്ന 17 ആം തീയതി ഇവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. ഒരു മാസത്തിനുള്ളിൽ പ്രശ്നപരിഹാരം ഉറപ്പാക്കാനാണ് കമ്മീഷൻ ശ്രമം.
ടെണ്ടർ പോലും വിളിക്കാതെ കിഴക്കമ്പലം പഞ്ചായത്ത് പുതിയ സ്കൂളിന്‍റെ നിർമ്മാണം നടത്തിയതാണ് ഫിറ്റ്നസ് നൽകാത്തതിന് കാരണമായി ഉദ്യോഗസ്ഥർ പറയുന്നത്. വിഷയം ചർച്ചയായതോടെ എത്രയും വേഗം നടപടി ഉറപ്പാക്കുമെന്ന് കിഴക്കമ്പലം പഞ്ചായത്തും പറയുന്നു. സാങ്കേതികത്വം പറഞ്ഞ് മക്കളെ ഇനിയും ദുരിതത്തിലാക്കാതെ എത്രയും വേഗം പുതിയ സ്കൂളിലേക്ക് മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ചെറിയ മൂന്ന് മുറികളിൽ കൂട്ടമായി തിക്കി തിരക്കി ഇരിക്കുന്നത്. പുസ്തകമോ ബാഗോ വയ്ക്കാനിടമില്ല. മുറികളോട് ചേർന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികൾ. വരിവരി നിന്ന് മൂത്രശങ്ക തീർക്കുന്ന പെടാപാടോർത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്ന വിദ്യാർത്ഥികളും നിരവധിയാണ്. പുതിയ സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും ദുരിതപഠനം നയിക്കുന്ന കുട്ടികളെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.