മുറികളോട് ചേർന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികൾ. വരിവരി നിന്ന് മൂത്രശങ്ക തീർക്കുന്ന പെടാപാടോർത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്ന വിദ്യാർത്ഥികളും നിരവധിയാണ്.
കൊച്ചി: പല ക്ലാസുകളിലെ കുട്ടികൾ പഠിക്കുന്നത് ഒരേ മുറിയിലിരുന്നാണ്. 107 വിദ്യാർത്ഥികൾക്കായി ഉള്ളത് രണ്ട് ശുചിമുറികൾ. എറണാകുളം കിഴക്കമ്പലം വിലങ്ങ് സർക്കാർ യു പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പുതിയ സ്കൂൾ കെട്ടിടമുണ്ടായിട്ടും വാടകക്കെട്ടിടത്തിൽ നരകിച്ച് പഠിക്കേണ്ടി വരുന്നത്. ട്വന്‍റി ട്വന്‍റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്ത് ടെണ്ടർ പോലും വിളിക്കാതെ കെട്ടിടനിർമ്മാണം നടത്തിയതിനാൽ ഫിറ്റ്നസ് അനുവദിക്കാൻ കഴിയില്ലെന്നാണ് പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം പറയുന്നത്. ഒന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ചെറിയ മൂന്ന് മുറികളിൽ കൂട്ടമായി. തിക്കി തിരക്കി ഇരിക്കുന്നത്. പുസ്തകമോ ബാഗോ വയ്ക്കാനിടമില്ല. മുറികളോട് ചേർന്നുള്ളത് രണ്ടേ രണ്ട് ശുചിമുറികൾ. വരിവരി നിന്ന് മൂത്രശങ്ക തീർക്കുന്ന പെടാപാടോർത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്ന വിദ്യാർത്ഥികളും നിരവധിയാണ്.
പുത്തൻ കെട്ടിടമുണ്ടായിട്ടും കുട്ടികൾ അനുഭവിക്കുന്നു. അതും പണി പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും. തുടക്കം നാല് വർഷം മുൻപാണ്. പഴയ സ്കൂൾ കെട്ടിടം പൊളിച്ച് പണിയാൻ തീരുമാനിച്ചത് മുതൽ. എംഎൽഎ ഫണ്ടിൽ നിന്ന് ആദ്യം അമ്പത് ലക്ഷം രൂപ അനുവദിച്ചു. പണി തുടങ്ങി ആദ്യ നില പൂർത്തിയായി. പിന്നീട് കിഴക്കമ്പലം പഞ്ചായത്ത് സ്കൂളിനായി ഒരു കോടി രൂപ അനുവദിച്ചു. എന്നാൽ രണ്ടാംഘട്ട നിർമ്മാണത്തിനായി ടെൻഡർ വിളിക്കുന്നതിന് മുൻപെ പണി പകുതിയിലധികവും ഒരേ കരാറുകാരൻ പൂർത്തിയാക്കി. എന്നാൽ പഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയറോ, ബ്ലോക്ക്തലത്തിലെ എഞ്ചിനീയറെയോ ഇത് അറിയിച്ചതുമില്ല.
പഞ്ചായത്ത് ടെണ്ടറില്ലാതെ കരാറുകാരനെ തീരുമാനിച്ച് പണി തുടരുന്നത് ഉദ്യോഗസ്ഥ മേൽനോട്ടത്തിൽ അല്ലാത്തതിനാൽ എഞ്ചിനീയറിംഗ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകി. ഇത് മറികടന്നും പണി തുടർന്നു. കിഴക്കമ്പലം പഞ്ചായത്ത് നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ സ്കൂളിലെ കഞ്ഞിപ്പുരയുടെ നിർമ്മാണം പൂർത്തിയാക്കാൻ ഉള്ളതിനാലാണ് സ്കൂൾ തുറക്കാത്തതെന്നാണ് കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വിചിത്ര മറുപടി. ഇപ്പറഞ്ഞ ന്യായീകരണങ്ങൾ ഒന്നും മനസ്സിലാകാതെ ക്രൂരമായ അനുഭവങ്ങൾ സഹിച്ച് പഠിക്കുകയാണ് മറ്റൊരു സ്കൂളിലും പോകാൻ വഴിയില്ലാതെ ഈ കുട്ടികൾ
