ചുഴലിക്കാറ്റിൽ മാന്നാറിൽ വ്യാപക നാശം; നിരവധി വീടുകൾ തകർന്നു, വൈദ്യുത ലൈനുകൾ പൊട്ടിവീണു

Published : May 29, 2025, 08:42 PM IST
ചുഴലിക്കാറ്റിൽ മാന്നാറിൽ വ്യാപക നാശം; നിരവധി വീടുകൾ തകർന്നു, വൈദ്യുത ലൈനുകൾ പൊട്ടിവീണു

Synopsis

മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലാണ് കാറ്റും മഴയും കൂടുതൽ നാശംവിതച്ചത്. മാവ് കടപുഴകി റോഡിലേക്ക് വീണു നിരവധി പോസ്റ്റുകൾ ഒടിയുകയും ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി.

മാന്നാർ: വീശിയടിച്ച ചുഴലിക്കാറ്റിലും കനത്ത മഴയിലും മാന്നാർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം സംഭവിച്ചു. വൻമരങ്ങൾ കടപുഴകി വീണ് പൂർണ്ണമായും ഭാഗികമായും നിരവധി വീടുകളാണ് തകർന്നത്. മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും 33 കെ. വി ഉൾപ്പെടെയുള്ള ലൈനുകൾ പൊട്ടി വീണും വൈദ്യുതി നിലച്ചതോടെ നാട് ഇരുട്ടിലായി. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടുകൂടിയാണ് മാന്നാറിലും പരിസരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് വീശി അടിച്ചത്.

മാന്നാർ നായർ സമാജം സ്കൂളിന് മുൻവശത്ത് നിന്ന വലിയ ബദാം മരം വീണ് സമീപത്തുള്ള ജ്യൂസ് ബേ എന്ന സ്ഥാപനത്തിന്റെ മുൻഭാഗം തകർന്നു. കടയുടെ മുകളിൽ സ്ഥാപിച്ച ഷീറ്റുകളും ബോർഡുകളും തകർന്നു വീണു. ഈ സമയം കടയ്ക്കുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല - മാവേലിക്കര സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗത സ്തംഭനം ഉണ്ടായി. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചു മാറ്റിയതിനുശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. മാന്നാർ കുറ്റിയിൽ മുക്കിന് സമീപത്തുള്ള ഡോക്ടേഴ്സ് മെഡിക്കൽ സെന്‍ററിന്‍റെ മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ ചുഴലിക്കാറ്റിൽ പറന്നു വീണു. 

മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലാണ് കാറ്റും മഴയും കൂടുതൽ നാശംവിതച്ചത്. ഒന്നാം വാർഡ് വള്ളക്കാലിൽ പാലമൂട്ടിൽ പമ്പ് ഹൗസ് റോഡ്, വള്ളക്കാല കുരിശിന് തെക്കോട്ടുള്ള റോഡിൽ അംഗനവാടിക്ക് മുൻവശം, വാലുചിറ - കല്ലുപുരയ്ക്കൽ റോഡ് എന്നിവിടങ്ങളിൽ വലിയ മരങ്ങൾ വീണ് നിരവധി പോസ്റ്റുകളാണ് ഒടിഞ്ഞത്. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്ന തേക്ക്, പുളി, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ റോഡിലേക്ക് വീണ് ഗതാഗത തടസങ്ങളും ഉണ്ടായി. പുത്തൻപുരയ്ക്കൽ അലക്സിന്‍റെ വീടിന് മുകളിലേക്ക് മരം വീണ് വീടിന്‍റെ ഓടുകൾ തകർന്നു. മൂന്നാം വാർഡിൽ കടമ്പാട്ട് കിഴക്കേതിൽ ഹനീഫ, ആലയിൽ കലേശൻ, കറുകയിൽ ജിജോ എന്നിവരുടെ വീടുകൾക്കും മരങ്ങൾ വീണ് വേറെ നാശനഷ്ടങ്ങൾ ഉണ്ടായി. 

പാവുക്കര കരയോഗം യുപി സ്കൂളിന് വടക്കുവശം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന വലിയ മാവ് കടപുഴകി റോഡിലേക്ക് വീണു നിരവധി പോസ്റ്റുകൾ ഒടിയുകയും ട്രാൻസ്ഫോർമറിന് കേടുപാടുകൾ സംഭവിക്കുകയുമുണ്ടായി. കുരട്ടിക്കാട് ഇരമത്തൂർ, വിഷവർശ്ശേരിക്കര, കുട്ടമ്പേരൂർ, കുളഞ്ഞിക്കാരാഴ്മ തുടങ്ങിയ ഭാഗങ്ങളിലും മരങ്ങൾ വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 

ബുധനൂർ, ചെന്നിത്തല, പരുമല ഭാഗങ്ങളിലും കനത്ത കാറ്റ് ഏറെ നാശം വിതച്ചു. മാന്നാർ- ചെങ്ങന്നൂർ റോഡിൽ പരുമല പാലച്ചുവട് ജംഗ്ഷനിൽ പാലമരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനൂർ കടമ്പൂരിൽ നിരവധി വീടുകൾക്ക് മരങ്ങൾ വീണ് നാശനഷ്ടം ഉണ്ടായി. പല ഗ്രാമീണ റോഡുകളിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടതോടെ ജനപ്രതിനിധികളും നാട്ടുകാരു അഗ്നിശമന സേനയെ വിളിക്കാൻ ശ്രമിച്ചെങ്കിലും പല ഭാഗങ്ങളിലും അപകടങ്ങൾ ഏറെ സംഭവിച്ചതിനാൽ എല്ലായിടത്തും എത്തുവാൻ അവർക്ക് കഴിയുമായിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട്‌ എസ്ഐടി ഇന്ന് സമർപ്പിക്കും; ദിണ്ഡിഗൽ മണിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും