
കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി വീണ്ടും നീട്ടി. പ്രിയ വർഗീസ് നടത്തിയ ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരം യോഗ്യതയില്ലെന്നും യു ജി സി കോടതിയെ അറിയിച്ചു. ഹർജി ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രോഫസർ ആക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്.
രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോര്‍ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോര്‍ 645. ഇന്‍റര്‍വ്യൂവില്‍ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. പ്രിയ വർഗീസിന് യു ജി സി നിഷ്കർഷിക്കുന്ന എട്ട് വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്. പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam