മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, പോറ്റിവളര്‍ത്തിയത് സിപിഎം: കെ സുധാകരന്‍

Published : May 16, 2023, 10:45 PM IST
മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, പോറ്റിവളര്‍ത്തിയത് സിപിഎം: കെ സുധാകരന്‍

Synopsis

ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം  കേരളത്തിലെ സാധാരണക്കാരുടെതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം  കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തില്‍നിന്ന് 80,000 കോടി രൂപ മാര്‍ട്ടിന്‍ കൊണ്ടുപോയിട്ടുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന ശരിയാണെങ്കില്‍ ഇത് ആ തുകയുടെ ചെറിയൊരംശം മാത്രമാണ്. 

മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവര്‍ത്തിച്ചത്. പാര്‍ട്ടിയുടെ മുഖപത്രമായ ദേശാഭിമാനിക്ക് മാര്‍ട്ടിന്‍  2 കോടി രൂപ നല്കിയപ്പോള്‍ മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത്  പാര്‍ട്ടി ചാനലായ കൈരളിയില്‍ മാത്രമായിരുന്നു. അന്നത് വിവാദമായപ്പോള്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന ഇപി ജയരാജന്റെ സ്ഥാനം തെറിച്ചു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മാര്‍ട്ടിനെ കേരളത്തില്‍നിന്നു കെട്ടുകെട്ടിച്ചശേഷവും 2018 ഏപ്രില്‍ 18ന് മാര്‍ട്ടിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു. 

അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായ കോടതിവിധി 2021ല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും അന്യസംസ്ഥാന ലോട്ടറി സംസ്ഥാനത്തു വില്ക്കാന്‍ തകൃതിയായ തയാറെടുപ്പുകള്‍ നടക്കുന്നു. സിപിഎം ഭരണം ഇതിന് അനകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ കുറച്ച് കേരള ലോട്ടറിയെ അനാകര്‍ഷകമാക്കിയും ഏജന്റുമാരുടെ കമ്മീഷന്‍ കുറച്ചും അന്യസംസ്ഥാന ലോട്ടറിക്ക് ചുവന്നപരവതാനി വിരിച്ചു കഴിഞ്ഞു. കേരള ലോട്ടറി ഇപ്പോള്‍ നിയന്ത്രിക്കുന്ന വന്‍കിട കച്ചവടക്കാര്‍ക്കും മാര്‍ട്ടിനുമായി അടുത്ത ബന്ധവുമുണ്ട്. 

വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ കൊടികുത്തി വാഴും. പിണറായി സര്‍ക്കാര്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയും ചെയ്തു. ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാന ലോട്ടറിയുടെ നികുതി 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയുടെ നികുതി 28 ശതമാനവും ആക്കുവാന്‍ തീരുമാനിച്ചത് ധനമന്ത്രി ഡോ തോമസ് ഐസക്കിന്റെ ഇടപെടലിലൂടെയാണ്. ഒരുല്‍പ്പന്നതിന് രണ്ടുതരം നികുതി പാടില്ലെന്നറിഞ്ഞുകൊണ്ട് തോമസ് ഐസ്‌ക് എടുത്ത നിലപാട് കോടതിയില്‍നിന്നു തിരിച്ചടി കിട്ടുമെന്നു കണക്കുകൂട്ടി തന്നെയായിരുന്നു. 2016ല്‍ കേന്ദ്രലോട്ടറി കരട് നിയമത്തിന് ഭേദഗതി നിര്‍ദേശിക്കാന്‍ കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും തോമസ് ഐസക്  പ്രതികരിച്ചില്ല. 

Read more: അസ്മിയയുടെ ദുരൂഹ മരണം; മതപഠനശാലക്ക് ഹോസ്റ്റൽ നടത്തിപ്പിന് അനുമതിയില്ല, അന്വേഷണത്തിന് പ്രത്യേക സംഘം

അന്യസംസ്ഥാന ലോട്ടറിയെ തുരത്തിയശേഷമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരള ലോട്ടറിയെ കാരുണ്യലോട്ടറിയിലൂടെ പുനര്‍ജീവിപ്പിച്ചത്. ഇതില്‍നിന്നു ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാവപ്പെട്ടവര്‍ക്കായി കേരളം കണ്ട ഏറ്റവും വലിയ കാരുണ്യ ചികിത്സാധനസഹായപദ്ധതി ആവിഷ്‌കരിച്ചത്. 1.42 ലക്ഷം പേര്‍ക്ക് 1,200 കോടി രൂപയുടെ സഹായധനം അനുവദിച്ച ഈ പദ്ധതിയെയും ഇടതുസര്‍ക്കാര്‍ ഇല്ലാതാക്കി. ലോട്ടറിയെ യുഡിഎഫ് പാവപ്പെട്ടവര്‍ക്കായി വിനിയോഗിച്ചപ്പോള്‍ ഇടതുപക്ഷം സ്വന്തം കീശയും മാര്‍ട്ടിന്റെ കീശയും വീര്‍പ്പിച്ചെന്ന്  സുധാകരന്‍ ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല