
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ നിയന്ത്രണം വിട്ട വാൻ കയറി മരിച്ച മൂന്ന് വയസ്സുകാരി ഋതുവേദയുടെ അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു. വീടിനുള്ളിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിട്ടിലെത്തിച്ചു. വൈകീട്ട് കുഞ്ഞിന് കണ്ണീരോടെ നാട് വിട ചൊല്ലി.
കുമ്പിച്ചല്‍ക്കടവ് പാലം കാണാൻ ഇന്നലെ ഋതുവേദയും കുടുംബവും എത്തിയപ്പോഴാണ് വാഹനാപകടം ഉണ്ടായത്. കുടുംബം സഞ്ചരിച്ച വാൻ പാലത്തില്‍ നിര്‍ത്തിയിട്ടതിന് ശേഷം ഉരുണ്ട് നീങ്ങി അപകടം ഉണ്ടാകുകയായിരുന്നു. അച്ഛൻെയും അമ്മയുടെയും കണ്‍മുന്നില്‍ വെച്ച് ഋതുവേദ വാഹനത്തിനിടയിൽപെടുകയായിരുന്നു. കടുത്ത മാനസികാഘാതത്തിലായ അമ്മ നിഷയെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാവിലെ വീട്ടിലേക്ക് മാറ്റിയ നിഷ ഉച്ചയോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ നിഷയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചു. വൈകിട്ടോടെ നിഷയെ തിരികെ വീട്ടിലെത്തിച്ചാണ് ഋതുവേദയുടെ സംസ്കാര ചടങ്ങ് നടത്തിയത്.
ഇന്നലെ നിഷയും ഭർത്താവ് അനുപ്രസാദും കുഞ്ഞും അടക്കം പത്തോളം ബന്ധുക്കളാണ് വാനില്‍ കുമ്പിച്ചല്‍ കടവ് പാലത്തിലെത്തിയത്. ഡ്രൈവറായ അനുപ്രസാദ് തന്നെയാണ് വാൻ ഓടിച്ചിരുന്നത്. എല്ലാവരും പുറത്തിറങ്ങി പാലം കാണുന്നതിനിടെ വാൻ പെട്ടന്ന് ഉരുണ്ട് നീങ്ങി. നിഷ ഓടി മാറിയെങ്കിലും ഋതുവേദ വാനിന് മുന്നില്‍ അകപ്പെട്ടു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാനിന്‍റെ ഹാൻഡ് ബ്രേക്ക് കേബിള്‍ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam