
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ (Kodungallur) എറിയാട് മക്കളുടെ മുമ്പില്‍ വെച്ച് ഇന്നലെ രാത്രി വെട്ടേറ്റ യുവതി മരിച്ചു. തുണിക്കട ഉടമയായ റിൻസി ആണ് കൊല്ലപ്പെട്ടത് (Murder). കടയിലെ മുൻ ജീവനക്കാരൻ റിയാസ് ആണ് വെട്ടിയത്. സംഭവത്തിനു ശേഷം പ്രതി ഒളിവിലാണ്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. എറിയാട് കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം തുണിക്കട നടത്തുകയായിരുന്നു റിൻസി. ഇന്നലെ രാത്രി ഏഴരയ്ക്ക് കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് ഇവരെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. അഞ്ചും പത്തും വയസ്സുളള കുട്ടികളുടെ കരച്ചില്‍ കേട്ട് അതുവഴി പോയവര്‍ ഓടിയെത്തി.
ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. റിൻസിക്ക് തലയ്ക്കും കഴുത്തിനും ഉള്‍പ്പെടെ 30 ലേറെ വെട്ടേറ്റു. മൂന്ന് കൈ വിരലുകള്‍ അറ്റനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിൻസി ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട റിയാസിന് വേണ്ടി പൊലീസ് തെരച്ചിൽ ഊര്‍ജ്ജിതമാക്കി. കടയിലെ മുൻ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. റിൻസിയെ ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ കടയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
റിയാസിൻ്റെ ശല്യത്തെക്കുറിച്ച് പൊലീസില്‍ റിൻസി നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പൊലീസ് റിയാസിനെ താക്കീസ് ചെയ്ത് വിട്ടയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്. റിൻസി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തി. സംഭവ സ്ഥലത്ത് രക്തം തളം കെട്ടി നിന്നിരുന്നു. തൃശ്ശൂര്‍ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും തെളിവെടുപ്പ് നടത്തി.
ബ്രസൽ: പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ അധ്യാപിക (Teacher) അപമാനിച്ചെന്ന് ആരോപിച്ച് 30 വർഷങ്ങൾക്ക് ശേഷം അധ്യാപകയെ അതിക്രൂരമായി കൊല്പപെടുത്തി 37കാരൻ. ബെൽജിയത്തിലാണ് (Belgium) അതിക്രൂരമായ കൊലപാതകം (Murder) നടന്നത്. 59 കാരിയായ മരിയ വെർലിൻഡൻ 2020 ലാണ് കൊല്ലപ്പെടുന്നത്. തന്റെ ഏഴാം വയസ്സിൽ, അന്ന് അധ്യാപികയായിരുന്ന വെർലിന്റ തന്നെ അപമാനിച്ചുവെന്നും അതിന് പകരം വീട്ടിയതാണെന്നുമാണ് ഗുണ്ടർ ഉവെന്റ്സ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അധ്യാപികയ്ക്ക് 101 തവണ കുത്തേറ്റിട്ടുണ്ട്.
2020 ൽ നടന്ന കൊലപാതകത്തിൽ പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം. നൂറ് കണക്കിന് പേരുടെ ഡിഎൻഎ പരിശോധന നടത്തി. അധ്യാപികയുടെ ഭർത്താവ് സാക്ഷികളോട് മുന്നോട്ട് വരാൻ പലതവണ അപേക്ഷിച്ചിരുന്നു. എന്നിട്ടൊന്നും ഫലം കണ്ടില്ല. വെർലിൻഡയുടെ വീട്ടിൽ വച്ചാണ് അവർ കൊല്ലപ്പെടുന്നത്. പണമടങ്ങിയ പഴ്‌സ് മൃതദേഹത്തിന് അടുത്ത് ഡൈനിംഗ് ടേബിളിൽ തൊടാതെ കിടക്കുന്നത് അവർ ക്രൂരമായ കവർച്ചയ്ക്ക് ഇരയായതല്ലെന്ന സൂചന നൽകിയിരുന്നു.
2020 നവംബർ 20 ന് കൊലപാതകം നടന്ന് പതിനാറ് മാസങ്ങൾക്ക് ശേഷം, ഉവെന്റ്സ് ഒരു സുഹൃത്തിനോട് കുറ്റം സമ്മതിച്ചതോടെയാണ് കേസിന് തെളിവാകുന്നത്. ഈ സുഹൃത്ത് സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് കഴിഞ്ഞ ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ തെളിവുകളുമായി താരതമ്യപ്പെടുത്താൻ ഉവെന്റ്‌സ് ഡിഎൻഎ സാമ്പിൾ നൽകിയിട്ടുണ്ട്.
അധ്യാപിക കാരണം താൻ ഏറെ വേദനിച്ചുവെന്നാണ് പ്രതി നൽകുന്ന വിശദീകരണം. തന്റെ ഏഴാം വയസ്സിൽ മരിയ വെർലിൻഡൻ തനിക്ക് നേരെ പറഞ്ഞ അത്രയും ക്രൂരമായ വാക്കുകൾ മറ്റാരും തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രതി പറഞ്ഞു. ഇതിൽ വാസ്തവമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കും. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡി രേഖപ്പെടുത്തി.