
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് നൽകാൻ കോൺഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമ്മ ശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ പാർട്ടി ഏൽപ്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് 110 സീറ്റ് വരെ നേടുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് മധുരമനോജ്ഞമായ ഒരു പകൽകിനാവാണ്. സ്വപ്ന ലോകത്തെ കിങ്കരന്മാരായ മന്ത്രിമാരെ മുഖ്യമന്ത്രിയും, സ്തുതിപാഠനത്തിൽ മയങ്ങിക്കഴിയുന്ന മുഖ്യമന്ത്രിയെ വൈതാളികരായ മന്ത്രിമാരും പറഞ്ഞു പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും. ലോകസഭാ- തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു നിലവാരം എല്ലാ മന്ത്രിമാരുടെയും സമ്പൂർണ്ണ പരാജയം വിളംബരം ചെയ്യുന്നു. കേരളത്തെ തകർത്തവർ 'കടക്ക് പുറത്ത് ' എന്നാണ് കേരള ജനത ഉറക്കെ വിളിച്ചു പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam