എകെജി സെന്‍റര്‍ ആക്രമണം:'പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചു',വഴിയില്‍വെച്ച് സ്ഫോടക വസ്തു കൈമാറിയെന്ന് നിഗമനം

By Web TeamFirst Published Jul 2, 2022, 12:31 PM IST
Highlights

സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത്. 

തിരുവനന്തപുരം: എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ പ്രതിക്ക് മറ്റൊരാളുടെ സഹായം കിട്ടിയെന്ന് പൊലീസ്. വഴിയില്‍വെച്ച് പ്രതിക്ക് ആരോ സ്ഫോടക വസ്തു കൈമാറിയെന്നാണ് പൊലീസ് കരുതുന്നത്. ചുവന്ന സ്കൂട്ടറിലെത്തിയ പ്രതി എകെജി സെന്‍ററിന് സമീപത്തെ കാര്യങ്ങള്‍ നിരീക്ഷിച്ച് പോയശേഷം തിരിച്ചെത്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അക്രമിയെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. എകെജി സെന്‍ററിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞ പ്രതി സംഭവത്തിന് ശേഷം ലോ കോളജ് ജംഗ്ഷൻ കഴിഞ്ഞ് മുമ്പോട്ടേക്കാണ് പോയത്. പല സിസിടിവികളും പരിശോധിച്ചുവെങ്കിലും വണ്ടി നമ്പർ കൃത്യമായി ലഭിച്ചില്ലെന്ന് പൊലീസ് പറയുന്നു.

സ്ഫോടക വസ്തു ഉപയോഗിക്കാൻ പ്രാവീണ്യമുള്ള ഒരാളാണ് അക്രമിയെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകള്‍ക്കുള്ളിൽ സ്ഫോടകവസ്തുവെറിഞ്ഞ ശേഷം മിന്നൽ വേഗത്തിൽ രക്ഷപ്പെട്ട വൃക്തിക്ക് മുമ്പ് ക്രിമിനൽ പശ്ചാലത്തുമുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. അത്തരത്തിലുള്ള വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടെ എകെജി സെന്റർ ആക്രമിക്കുമെന്ന് സൂചന നൽകുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്ത പൊലീസ് വിട്ടയച്ചു. ഇയാള്‍ക്ക് അക്രമത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. 

എകെജി സെന്‍റിറിന് നേരെ ആക്രമണം; ഇങ്ങനെ അബദ്ധം ചെയ്യാന്‍മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ്

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയുള്ള ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎല്‍എ. . സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത്‌ പോലെയോ, കോടിയേരി ബാലകൃഷ്ണന്റെ വീടിനും‌ നേരെ നടന്ന അക്രമണത്തിന്റേത്‌ പോലെയോ ആളെ കിട്ടാതെ പോകരുത്‌, പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് ടി സിദ്ദിഖ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ പ്രതികരണം.

സംഘടിതമായി വന്ന് കെപിസിസി ഓഫീസ്‌ അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട്‌ അക്രമിച്ചപ്പോഴും എകെജി സെന്റർ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച്‌ നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാൻ പോലും പാർട്ടി അനുവദിച്ചില്ല.  ഇന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുമ്പോൾ   ഇങ്ങനെയൊരു അബദ്ധം ചെയ്യാൻ മാത്രം വിഡ്ഡികളല്ല കോൺഗ്രസുകാരെന്നും ടി സിദ്ദിഖ് പറഞ്ഞു.

click me!