
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും അംഗീകരിക്കില്ലെന്ന് പികെ ശ്രീമതി. സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന ആരേയും ഒരുകാലത്തും ന്യായീകരിച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസിൽ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രിയുടെ വാക്കുകളിൽ വ്യക്തമാണ്. അതിജീവിത ഹര്‍ജി നിൽകിയ സമയത്തിൽ ദുരൂഹതയുണ്ടെന്നാണ് ഇടത് നേതാക്കൾ പറഞ്ഞത്. അങ്ങനെ ഒരു ദുരൂഹത ഉണ്ടെങ്കിൽ അത് അന്വേഷിക്കണം. അതിജീവിതക്ക് എതിരാണ് സര്‍ക്കാരെന്ന് വരുത്തിതീര്‍ക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നും പികെ ശ്രീമതി ആരോപിച്ചു.
നടിയെ ആക്രമിച്ച കേസ് അട്ടിമറിച്ചെന്ന വിവാദങ്ങൾക്കിടെ അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിരുന്നു. സർക്കാരിനെതിരായ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് ഇടത് നേതാക്കൾ ആരോപണം ഉന്നയിക്കുമ്പോഴാണ് നടി നേരിട്ട് മുഖ്യമന്ത്രിയെ കണ്ടത്. രാവിലെ പത്ത് മണിക്ക് സെക്രട്ടറിയേറ്റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. സർക്കാർ തുടക്കം മുതൽ അതിജീവിതയ്ക്കൊപ്പം തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അന്വേഷണത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായിട്ടില്ല. കൈബ്രാഞ്ച് മേധാവിയുടെ മാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും അതിൽ ആശങ്ക വേണ്ട എന്നും മുഖ്യമന്ത്രി അറിയിച്ചു.
സർക്കാറിലെ ഉന്നതരുടെ സഹായത്തോടെ ദിലീപ് കേസ് അട്ടിമറിക്കുന്നുവെന്നും തട്ടിക്കൂട്ട് കുറ്റപത്രം നൽകി കേസ് അവസാനിപ്പിക്കാൻ നീക്കമുണ്ടെന്നുമായിരുന്നു അതിജീവിത ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ നടിയുടേത് അനാവശ്യ ആശങ്കയാണെന്നായിരുന്നു സർക്കാർ നിലപാട്. ഇരയെ വിശ്വാസത്തിലെടുത്താണ് ഇതുവരെ കേസ് നടത്തിയത്. സർക്കാറിനെതിരായ ആരോപണങ്ങൾ ഹർജിയിൽ നിന്ന് നീക്കണമെന്ന് ഡിജിപി കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം തന്നെ നിലച്ചിരിക്കുകയാണെന്ന് അതിജീവത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കുറ്റപത്രം നൽകുന്നത് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സമയപരിധി നീട്ടാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇന്നലെ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam