പേവിഷ വാക്സീന്‍റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കണം,ഹർജി സുപ്രീംകോടതി പരിഗണിക്കും

By Web TeamFirst Published Sep 9, 2022, 6:42 AM IST
Highlights

അതിനിടെ വാക്സിന്‍ ഫലപ്രദമല്ലയോ എന്നതടക്കം  വിവിധ കാരണങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്താൻ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തീരുമാനിച്ചു

ദില്ലി : കേരളത്തിലെ തെരുവ് നായ ശല്യം ചൂണ്ടിക്കാട്ടിയുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. പേവിഷ വാക്സീൻറെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് മലയാളിയായ സാബു സ്റ്റീഫൻ ഹർജി സമർപ്പിച്ചത്. നായയുടെ കടിയേറ്റവർക്ക് പേവിഷ വാക്സിൻ സ്വീകരിച്ച ശേഷവും ഗുരുതര പ്രശ്നങ്ങളുണ്ടായത് സാബു സ്റ്റീഫൻറെ അഭിഭാഷകനായ വി.കെ. ബിജു പരാമർശിച്ചതിന് പിന്നാലെയാണ് നേരത്തെ കോടതിക്ക് മുന്നിലുണ്ടായിരുന്ന ഹർജി ഉടൻ പരിഗണിക്കാൻ തീരുമാനിച്ചത്. 

 

കേരളത്തിൽ 5 വർഷത്തിനിടെ പത്ത് ലക്ഷം തെരുവു നായ ആക്രമണങ്ങളുണ്ടായെന്നും സംസ്ഥാനം ഡോഗ്സ് ഓൺ കൺട്രിയായി എന്നും അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞിരുന്നു. തെരുവു നായ വിഷയത്തിൽ പഠനം നടത്താൻ നിയോഗിച്ച ജസ്റ്റിസ് സിരി ജഗൻ കമ്മീഷനിൽ നിന്നും റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ആവശ്യമുണ്ട്

അതിനിടെ വാക്സിന്‍ ഫലപ്രദമല്ലയോ എന്നതടക്കം  വിവിധ കാരണങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനം നടത്താൻ കോഴിക്കോട് മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്‍റെ തീരുമാനം.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നായ അടക്കമുളള മൃഗങ്ങളുടെ കടിയേറ്റ് ചികില്‍സ തേടി എത്തിയത് പന്ത്രണ്ടായിരത്തിലേറെ പേര്‍ എന്ന് ആശുപത്രി അധികൃതർ തന്നെ പറയുന്നു . കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ആണ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പഠനത്തിന് ഒരുങ്ങുന്നത്

പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ചിന്‍റെ ഉപയോഗം നിർത്തി, തിരിച്ചെടുക്കുന്നു, കോൾഡ് ചെയിൻ സംവിധാനത്തിൽ ആശങ്ക

click me!