Asianet News MalayalamAsianet News Malayalam

പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ചിന്‍റെ ഉപയോഗം നിർത്തി, തിരിച്ചെടുക്കുന്നു, കോൾഡ് ചെയിൻ സംവിധാനത്തിൽ ആശങ്ക

കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത KB21002 ബാച്ചിലെ വാക്സീൻ അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ നിർദേശം

The use of a batch of rabies vaccine is stopped, recalled, concerns about the cold chain system in govt sector
Author
First Published Sep 8, 2022, 8:25 AM IST

തിരുവനന്തപുരം : ഗുണനിലവാരത്തിൽ ആശങ്ക ഉയർന്ന സാഹചര്യത്തിൽ പേവിഷ പ്രതിരോധ വാക്സീൻ ഒരു ബാച്ച് വിതരണം നിർത്തി. KB21002 ബാച്ചിലെ വാക്സീനും സിറിഞ്ചും അടക്കം ഇനി ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ നിർദേശം. കാരുണ്യ കമ്യൂണിറ്റി ഫാർമസി വഴി വിതരണം ചെയ്ത ഈ വാക്സീനുകൾ ഏതൊക്കെ ആശുപത്രികളിൽ ഉണ്ടോ അവിടെ നിന്നെല്ലാം തിരിച്ചെടുക്കണം. മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ വെയർ ഹൌസുകൾക്ക് ഇന്നലെ രേഖാമൂലം നിർദേശം നൽകി.

തിരിച്ചെടുക്കുന്ന KB21002 ബാച്ചിൽ ഉൾപ്പെട്ട വാക്സീനടക്കമുള്ളത് ലേബൽ ചെയ്ത് കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കണമെന്നും നിർദേശം ഉണ്ട്. നിലവിൽ ഈ ബാച്ച് വാക്സീനുകൾ തിരിച്ചെടുത്ത് റിപ്പോർട്ട് നൽകണമെന്നും മെഡിക്കൽ സർവീസസ് കോർപറേഷൻ വെയർ ഹൌസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട് 

ഇവ തിരിച്ചെടുത്ത് കഴിയുന്ന മുറയ്ക്കാകും വാക്സീനും ഇമ്യൂണോ ഗ്ലോബുലിനും ഗുണനിലവാര പരിശോധനക്ക് ആയി സെൻട്രൽ ഡ്രഗസ് ലബോറട്ടിയിലേക്ക് അയക്കുക. ഇതിനുള്ള നിർദേശം സർക്കാർ ഡ്രഗസ് കൺട്രോളർ വകുപ്പിന് നൽകിയിട്ടുണ്ട്

വാക്സീന്‍ ഗുണനിലവാര പരിശോധനക്ക് ഒപ്പം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനും കൂടി പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ സർക്കാർ മേഖലയിലെ കോൾഡ് ചെയിൻ സംവിധാനത്തെ കുറിച്ച് ഡ്രഗ്സ് കൺട്രോളർ വകുപ്പോ ആരോഗ്യ വകുപ്പോ പരിശോധിക്കുന്നില്ല. 573 സർക്കാർ ആശുപത്രികൾ വഴിയാണ് നിലവിൽ പേവിഷ പ്രതിരോധ വാക്സീൻ നൽകുന്നത്. ഈ സ്ഥലങ്ങളിലെല്ലാം വാക്സീൻ സൂക്ഷിക്കുന്ന കോൾഡ് ചെയിൻ സംവിധാനം കുറ്റമറ്റതാണോ എന്നതിൽ വ്യക്തത ഇല്ല. 

മൂന്നു മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിൻ സൂക്ഷിക്കേണ്ടത്. ഊഷ്മാവിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനം പോലും ഗുണനിലവാരത്തിൽ പ്രശ്നം ഉണ്ടാകും. മരുന്ന് വാങ്ങി വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപറേഷന്‍റെ കോൾഡ് ചെയിൻ സംവിധാനം മികവുറ്റതാണ് എന്ന ഉറപ്പ് മാത്രമാണ് സർക്കാർ പറയുന്നത്. മറ്റിടങ്ങളിലെ കോൾഡ് ചെയിൽ സംവിധാനത്തിൽ വീഴ്ചകൾ ഇല്ലെന്നതിൽ ആര് ഉത്തരം പറയുമെന്ന ചോദ്യം അവശേഷിക്കുന്നുണ്ട്

താഴേത്തട്ടിലുള്ള ആശുപത്രികളിൽ റഫ്രിജറേറ്റർ ഉണ്ടാകാം. എന്നാൽ ജനറേറ്റർ അടക്കം സംവിധാനങ്ങൾ ഇല്ലാത്ത ആശുപത്രികൾ ഉണ്ട്. കറണ്ട് പോയാൽ തീരുന്നതാണ് ഇവിടങ്ങളിലെ കോൾഡ് ചെയിൻ സംവിധാനം. അങ്ങനെ ഉള്ള ഇടങ്ങളിൽ വാക്സീൻ സൂക്ഷിക്കുന്നത് എങ്ങനെ എന്നതാണ് പ്രധാനം. ഡ്രഗ്സ് കൺട്രോളർ വിഭാഗം പറയുന്നത് അവർ പരിശോധിക്കുക സ്വകാര്യ മേഖലയിലെ കോൾഡ് ചെയിൽ സംവിധാനം മാത്രമാണെന്നാണ് . വാക്സീൻ പരിശോധനക്ക് അയക്കാൻ ഒടുവിോൽ തീരുമാനിച്ച സർക്കാർ അടിയന്തരമായി സർക്കാർ മേഖലയിലെ കോൾഡ് ചെയിൽ സംവിധാനം കൂടി പരിശോധിച്ച് കാര്യക്ഷമത ഉറപ്പാക്കിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കാനുളള സാധ്യത വിദൂരമല്ല

Read More : ഒടുവിൽ ഗുണനിലവാര പരിശോധന : പേവിഷ പ്രതിരോധ വാക്സീനും ഇമ്യൂണോഗ്ലോബുലിനും സെൻട്രൽ ഡ്രഗ് ലാബിൽ പരിശോധിക്കും

Follow Us:
Download App:
  • android
  • ios