
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ വേർപാട് നികത്താനാവാത്തതാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഓരോ ഘട്ടത്തിലെ വളർച്ചയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് വി എസിന്റെ ജീവിതം. ഒട്ടേറെ പോരാട്ടങ്ങൾ നയിച്ചു. ഒരുപാട് ത്യാഗോജ്വലമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. ജയിൽവാസം അനുഭവിച്ചു. ഭീകര മർദനം ഏൽക്കേണ്ടിവന്നു. ഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത നാമമാണ് സഖാവ് വിഎസെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
സിപിഎം രൂപീകരിച്ചതിന് ശേഷം പാർട്ടി സെക്രട്ടറി ആയി ദീർഘകാലം പ്രവർത്തിച്ച വിഎസ് പിന്നീട് പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് ഒട്ടേറെ അഴിമതികൾ പുറത്തു കൊണ്ടുവരുന്നതിന് നേതൃത്വം കൊടുത്തു. അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. വിഎസ് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് കേരളത്തിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ഒട്ടേറെ ഇടപെടലുകൾ നമുക്ക് മുന്നിൽ മായാതെ കിടക്കുന്നുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിനും പാർട്ടിക്കും നികത്താനാകാത്ത നഷ്ടമാണ് വി എസിന്‍റെ വിയോഗത്തിലൂടെ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉജ്വല സമര പാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടു കടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവാണ് വിഎസ് അച്യുതാനന്ദൻ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വിഎസ് നിലയുറപ്പിച്ചത്. അത് വിഎസ് ആസ്വദിച്ചതായി തോന്നിയിട്ടുണ്ടെന്ന് വി ഡി സതീശൻ പറഞ്ഞു.