Dileep Case:ദിലീപിന് ഇന്ന് ‌നിർണായകം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 10.15ന്; ജാമ്യം നിരസിച്ചാൽ അറസ്റ്റിന് സാധ്യത

Web Desk   | Asianet News
Published : Feb 07, 2022, 05:34 AM IST
Dileep Case:ദിലീപിന് ഇന്ന് ‌നിർണായകം; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 10.15ന്; ജാമ്യം നിരസിച്ചാൽ അറസ്റ്റിന് സാധ്യത

Synopsis

കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ(actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും(dileep) കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ(anticipatory bail) ഉത്തരവ് ഇന്ന്. രാവിലെ 10.15ന് ഹൈക്കോടതിയിൽ ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ചിലാണ് തീരുമാനമുണ്ടാകുക. മുൻകൂർ ജാമ്യാപേക്ഷ തളളിയാൽ ദിലീപ് അടക്കമുളള പ്രതികളെ അറസ്റ്റുചെയ്യാനുളള തീരുമാനത്തിലാണ് അന്വേഷണസംഘം. എന്നാൽ വ്യവസ്ഥകളോടയുളള ജാമ്യമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ. മുൻകൂ‍ർ ജാമ്യാപേക്ഷ അനുവദിച്ചാൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും

കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി നൽകുകയായിരുന്നു പ്രോസിക്യൂഷൻ. 

ഹർജിയിൽ അനന്തമായി വാദം നീളുന്നുവെന്ന വിമർശനം പൊതുസമൂഹത്തിലുണ്ടെന്നും എത്രയും പെട്ടെന്ന് കേസിൽ അന്തിമമായി തീർപ്പുണ്ടാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജിയാണ്  പ്രോസിക്യൂഷക്കാനായി വാദിക്കുന്നത്

വെള്ളിയാഴ്ച കോടതിയിൽ നടന്ന വാദം - 

പ്രോസിക്യൂഷൻ -

തീർത്തും അസാധാരണമായ കേസാണിത്. പ്രതികൾക്കു മേൽ ഇപ്പോൾ ചുമത്തിയ കുറ്റം മാത്രമല്ല ഇവരുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് ഈ പ്രതികൾ  ക്വട്ടേഷൻ കൊടുത്തത്.  
നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ ഞങ്ങൾക്ക് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ കോടതിയിൽ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന പ്രതിഭാഗത്തിന്‍റെ ആരോപണം നിലനിൽക്കില്ല. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് ഈ കേസിൽ സാക്ഷിയായ ബാലചന്ദ്രകുമാറിനെ മുൻ പരിചയമില്ല.
ബൈജു പൗലോസിന് കിട്ടിയ കത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം അന്ന് അദ്ദേഹം കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നത്. പുതിയ  കേസ് അന്വേഷണത്തിന് നി‍ർദേശം നൽകിയത് എഡിജിപിയാണ്.  ബൈജു പൗലോസിന് ഈ കേസിൻ്റെ അന്വേഷണത്തിൽ യാതൊരു റോളുമില്ല. പുതിയ കേസിലെ അന്വേഷണ സംഘത്തിലും ബൈജു പൗലോസില്ല. പ്രതികൾ നടത്തിയ ​ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ട്. ആ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ യാതൊരു വൈരുദ്ധ്യവുമില്ല. ഇദ്ദേഹത്തിന്‍റെ മൊഴികൾ കോടതി വിശ്വാസത്തിൽ എടുത്താൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാണ്. 
ഗൂഡാലോചനയ്ക്ക് സാക്ഷിയുളള കേസാണിത്. അതുകൊണ്ടുതന്നെ ഏറെ വ്യത്യസ്ഥകളുളള കേസാണിത്. ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷിയാണ്. അതുകൊണ്ടുതന്നെ കൊലപാതക ഗൂഡാലോചനയും തുടർനടപടികളും ഉണ്ടായി എന്ന് വിശ്വസിക്കാം.
പ്രതിഭാഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകൾ ശരിയല്ലെന്നും ഡിജിപി. എല്ലാം വ്യക്തമാണ്. അന്വേഷണം ശരിയായ വഴിയിലാണ്. ചെറിയ കോൺട്രഡിക്ഷനിൽ കാര്യമില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഡിജിപി
കേസിലെ വൈരുദ്ധ്യങ്ങളിൽ നിന്ന് തന്നെ പ്രോസിക്യൂഷൻ പറഞ്ഞ് പഠിപ്പിച്ച സാക്ഷിയല്ല ബാലചന്ദ്രകുമാർ എന്ന് വ്യക്തമാണ്. അദ്ദേഹം യഥാർത്ഥ സാക്ഷിയാണ്. സാക്ഷി മൊഴി വിശ്വസിക്കാമെങ്കിൽ എഫ് ഐ ആർ ഇടുന്നതിൽ തെറ്റില്ല. എഫ്ഐആർ എൻസൈക്ലോപീഡിയ ആകണമെന്നില്ല. കേസ് ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്

കൊലപാതകം നടത്താൻ പദ്ധതിയിട്ടതിന്റെ കൃത്യമായ തെളിവുകളുണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നുപോലും പ്രതികൾ ആലോചിച്ചിരുന്നു. ഇവന്മാരെ മൊത്തം കത്തിക്കണമെന്ന് പറഞ്ഞ മൊഴിയുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറഞ്ഞതായി ഓഡിയോ ക്ലിപ് ഉണ്ട്. എവി ജോ‍ർജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും പദ്ധതിയിട്ടു. ഗൂഢാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.ശബ്ദശകലങ്ങൾ മാത്രമല്ല, കൃത്യം നടത്താനുളള തുടർ നീക്കങ്ങളും പ്രതികളുടെ ഭാഗത്തു നിന്ന് ഉണ്ടായി.


ഫോണുകൾ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതൽ തെളിവുകളും മൊഴികളും തങ്ങളുടെ പക്കൽ ഉണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഏഴ് ഫോണുകൾ തിരിച്ചറിഞ്ഞു. ആറെണ്ണം മാത്രമാണ് പ്രതികൾ ഹാജരാക്കിയത്. ഏഴിലധികം ഫോണുകൾ പ്രതികളുടെ പക്കലുണ്ട്. കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ ഇവ കണ്ടെത്താനാകൂ

നല്ല പണി കൊടുക്കും എന്ന് പറഞ്ഞാൽ അതെങ്ങനെ ശാപവാക്കായി പരി​ഗണിക്കാനാവും. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രധാനസാക്ഷി പറയുന്നത്. ഇക്കാര്യങ്ങൾ ബാലചന്ദ്രകുമാർ ഭാര്യയോടും പറഞ്ഞിരുന്നു. ബാലചന്ദ്രകുമാറിൻ്റെ മൊഴിയിൽ പ്രതിഭാ​ഗം ഉന്നയിക്കുന്ന പൊരുത്തക്കേടുകളൊന്നും കൃത്യമല്ല. ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താനുള്ള ​ഗൂഢാലോചന ഇവിടെ നടന്നുവെന്ന് വ്യക്തമാണ്. 
താൻ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ മനസ്സിൽവയ്ക്കുകയല്ല. കണ്ടറിഞ്ഞ കാര്യങ്ങളെല്ലാം അയാൾ തൻ്റെ ഭാര്യയുമായി പങ്കുവച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്തു പോയാൽ നമ്മളെയെല്ലാം ദിലീപ് കൊല്ലുമെന്ന് ഭയപ്പെടുകയാണ് ബാലചന്ദ്രകുമാറിൻ്റെ ഭാര്യ ചെയ്തതെന്ന് അയാളുടെ മൊഴിയിലുണ്ട്. 
സാക്ഷിമൊഴി വിശ്വസിക്കാമെങ്കിൽ അതിൻ്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇടുന്നതിൽ തെറ്റില്ല. എഫ്ഐആ‍ർ എന്നാൽ എൻസൈക്ലോപീഡിയ ആകണമെന്നില്ല. കേസ് ഇപ്പോഴും പ്രിലിമിനറി സ്റ്റേജിലാണുള്ളത്. കൊലപാതകം നടത്താൻ പദ്ധതി ഇട്ടതിൻ്റെ  കൃത്യമായ തെളിവുകൾ ഉണ്ട്. കൃത്യം നടത്തേണ്ടത് എങ്ങനെയെന്നു പോലും പ്രതികൾ ആലോചിച്ചിരുന്നു.

ഇവന്മാരെ മൊത്തം കത്തിക്കണം എന്ന് ഒരു പ്രതി പറഞ്ഞ മൊഴി ഉണ്ട്.  അന്വേഷണ ഉദ്യോഗസ്ഥരെ കത്തിക്കണമെന്ന് ദിലീപ് പറയുന്നതിൻ്റെ ഓഡിയോ ക്ലിപും തങ്ങളുടെ കൈയിലുണ്ട്. എസ്.പി എ.വി ജോ‍ർജ്, എഡിജിപി സന്ധ്യ എന്നിവരെ കൊല്ലാനും ദിലീപും കൂട്ടരും പദ്ധതിയിട്ടു. ഗൂഡാലോചന മാത്രമല്ല എങ്ങനെ കൃത്യം നടത്തണമെന്ന ആലോചന പോലും ഉണ്ടായി.

ശബ്ദശകലങ്ങൾ മാത്രമല്ല, കൃത്യം നടത്താനുളള തുടർനീക്കങ്ങളും പ്രതികളുടെ ഭാഗത്തുണ്ടായി. ഫോണുകൾ ഒറ്റയടിക്ക് മാറിയത് തന്നെ പ്രതികളുടെ ആസൂത്രിത നീക്കത്തിന് തെളിവാണ്. കൂടുതൽ തെളിവുകളും മൊഴികളും തങ്ങളുടെ പക്കൽ ഉണ്ട്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ല.

കോൾ രേഖകൾ പ്രകാരം ഏഴ് ഫോണുകൾ ഞങ്ങൾ തിരിച്ചറിഞ്ഞു. പക്ഷേ ആറ് ഫോണുകൾ മാത്രമേ അവ‍ർ കോടതിയിൽ സമ‍ർപ്പിച്ചുള്ളൂ. ഏഴിൽ കൂടുതൽ ഫോണുകൾ അവരുടെ കയ്യിൽ ഉണ്ട്. പ്രതികളെ കസ്റ്റഡി കിട്ടിയാൽ മാത്രമേ അത് കണ്ടെടുക്കാൻ സാധിക്കൂ. ഡിജിറ്റൽ തെളിവുകൾ ഈ കേസിൽ വളരെ പ്രധാനമാണ്. ബാലചന്ദ്ര കുമാറിൻ്റെ  മൊഴികളെ സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ ഞങ്ങളുടെ കൈയിലുണ്ട്.

കേസിൽ പ്രഥമ ദൃഷ്ട്യാ അവർ കുറ്റക്കാരാണ്. പ്രതികളെ നേരത്തെ തന്നെ കസ്റ്റഡയിൽ കിട്ടേണ്ടതായിരുന്നു. അങ്ങനെയെങ്കിൽ ഫോണുകൾ നേരത്തെ തന്നെ കണ്ടെത്താമായിരുന്നു. കേസിലെ നിർണായക തെളിവായി അത് മാറിയേനെ.

ഇപ്പോൾ ദിലീപിന് കിട്ടുന്ന പ്രിവിലേജ് ഒരിക്കലും ഒരു സാധാരണക്കാരന് കിട്ടില്ല. പ്രതിക്ക് ജാമ്യം നൽകിയാൽ ജനത്തിന് സിസ്റ്റത്തിലുള്ള വിശ്വാസം നഷ്ടപ്പെടും. പ്രതികളുടെ മുൻകാല ചരിത്രവും ഇക്കാര്യത്തിൽ പരിശോധിക്കണം. പ്രതികൾ തെളിവുകൾ നശിപ്പിക്കാനും അവ‍ർ ശ്രമിച്ചു. ദിലീപിന് മുൻകൂർജാമ്യം നൽകിയാൽ നിയമസംവിധാനത്തിലുളള വിശ്വാസം പൊതു ജനത്തിന് നഷ്ടപ്പെടും. പ്രതി ഒരു സെലിബ്രിറ്റിയാണ് എന്നതല്ല പ്രതികളുടെ സ്വഭാവവും മുൻകാല ക്രിമിനൽ പശ്ചാത്തലവുമാണ് കോടതി കണക്കാക്കേണ്ടതെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ഓഡിയോ ക്ലിപ് പുറത്തുവന്നു. തന്റെ കടം തീർക്കാൻ ദിലീപ് സംസാരിക്കണമെന്നാവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഇത് ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ഇതിന് ബദലായി നെയ്യാറ്റിൻകര ബിഷപ്പിനെ പരിചയമുണ്ടോ എന്ന് അന്വേഷിച്ച് ദിലീപിൻ്റെ സഹോദരി ഭർത്താവ് അയച്ച ചാറ്റുകൾ ബാലചന്ദ്രകുമാർ പുറത്തുവിട്ടു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് നിർണായകം; സ്ഥാനാർത്ഥി മരിച്ച ഡിവിഷനിഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ
ഇന്‍സ്റ്റഗ്രാമിലെ കമന്‍റിനെ ചൊല്ലി തർക്കം, പിന്നാലെ സ്കൂൾ വിദ്യാർത്ഥികൾ തമ്മില്‍ കൂട്ടത്തല്ല്