
കൊച്ചി: സിനിമ പ്രദർശനത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും സർക്കാർ ഇളവ് നൽകാതെ തീയേറ്ററുകൾ തുറക്കില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ. തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരുന്നുണ്ട്.
നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറക്കാൻ സര്‍ക്കാർ അനുവാദം നൽകിയെങ്കിലും ആവശ്യപ്പെട്ട ഇളവുകൾ നൽകാതെ തിയറ്ററുകൾ തുറക്കില്ല എന്ന നിലപാടിലാണ് ഉടമകൾ. വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകൾ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
എന്നാൽ സര്‍ക്കാരിൽ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകൾ നൽകാതെ പകുതി കാണികളെ വച്ച് തിയറ്ററുകൾ തുറക്കുന്നത് വലിയ ബാധ്യത ഉണ്ടാക്കുമെന്നാണ് ഉടമകളുടെ വാദം. ഈ സാഹചര്യത്തിൽ തുടര്‍ നടപടികൾ എന്തെന്ന് തീരുമാനിക്കാനാണ് ഫിയോക്കിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേരുന്നത്.
ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സര്‍ക്കാർ ഉറപ്പ് നൽകിയിരുന്നെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നും സംഘടന കുറ്റപ്പെടുത്തി. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാൻ മറ്റന്നാൾ ഫിലിം ചേംബർ യോഗം വിളിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam