സംസ്ഥാനത്തെ തീയേറ്ററുകൾ ഉടൻ തുറക്കില്ല: തീരുമാനം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ

By Web TeamFirst Published Nov 19, 2020, 1:22 PM IST
Highlights

നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ ഉടൻ തുറക്കില്ല. മുഖ്യമന്ത്രി വിളിച്ചു ചേർത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് തീയേറ്ററുകൾ ഉടനെ തുറക്കേണ്ടെന്ന തീരുമാനം വന്നത്. 

നിലവിലെ സാഹചര്യം പരിഗണിച്ച് തീയേറ്ററുകൾ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സർക്കാർ നിർദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു.  ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും മന്ത്രി എ.കെ. ബാലനും യോഗത്തില്‍ പങ്കെടുത്തു. തീയേറ്ററുകള്‍ തുറക്കുന്ന ഘട്ടം വരുന്പോള്‍ വിനോദ നികുതിയില്‍ ഇളവ് അനുവദിക്കണമെന്ന് സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സിനിമ തീയേറ്ററുകൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് തുറക്കുവാൻ നേരത്തെ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്തെ തീയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരും സിനിമ സംഘടനകളും സ്വീകരിച്ചത്. അതേസമയം സമീപ സംസ്ഥാനമായ തമിഴ്നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 
 

click me!