തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തു; കോടതിയെ സമീപിക്കുമെന്ന് വിദ്യാധിരാജസഭ

By Web TeamFirst Published Mar 1, 2020, 5:48 AM IST
Highlights

മണ്ഡപം സ്ഥിതി ചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കനിവാരണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്.

തിരുവനന്തപുരം: തിരുവനന്തപുരം തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തു. രാത്രി റവന്യു ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് മണ്ഡപം സീൽ ചെയ്തു. കെട്ടിടം ഏറ്റെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. 

1976ൽ ഭൂമി നൽകിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ്. എന്നാൽ ഇപ്പോൾ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീർത്ഥപാദമണ്ഡപം തിരിച്ചെടുക്കാൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. സൊസൈറ്റിക്ക് കൊടുത്ത ഭൂമി ട്രസ്റ്റിന് കൈമാറാൻ അവകാശമില്ല. 

മണ്ഡപം സ്ഥിതി ചെയ്യുന്ന 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കനിവാരണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നത്. ഉത്തരവിന് പിന്നാലെ കെട്ടിടം ഏറ്റെടുക്കാനായി റവന്യൂ ഉദ്യോഗസ്ഥരും പൊലീസും എത്തിയപ്പോൾ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു, ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.

നേരത്തേയും രണ്ട് തവണ സർക്കാർ ഈ ഭൂമി ഏറ്റെടുത്തതാണ്. വിദ്യാധിരാജ സഭ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഉടമസ്ഥാവകാശം സംബന്ധിച്ച് വീണ്ടും പരിശോധന നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. വിദ്യാധിരാജ സഭയുടെ വിശദീകരണം കേട്ട ശേഷമാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ്. സഭയുടെ കൈയ്യിലിരുന്ന 65 സെന്റ് സ്ഥലത്ത് ചട്ടമ്പി സ്മാമി സ്മാരക സമുച്ചയത്തിന്റെ ശിലാസ്ഥാപനം 10-ാം തിയതി മുഖ്യമന്ത്രി നിർവഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് ഏറ്റെടുക്കൽ എന്നതും ശ്രദ്ധേയമാണ്. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാധിരാജസഭയുടെ തീരുമാനം

 

click me!