തിരുവനന്തപുരം: തിരുവനന്തപുരത്ത് തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തതില്‍ പ്രതിഷേധവുമായി ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകര്‍. പ്രതിഷേധക്കാരെ  പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിനിയോഗിച്ചിട്ടുണ്ട്. പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു. 

ഇന്നാണ് തിരുവനന്തപുരം തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തത്. 65 സെന്റ് സ്ഥലം കിഴക്കേകോട്ടയിലെ വെള്ളപ്പെക്കനിരവാണത്തിനുള്ള പദ്ധതിക്ക് ഉപയോഗിക്കാമെന്നാണ് റവന്യു പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തവരിൽ പറയുന്നു. ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വിദ്യാധിരാജസഭ അറിയിച്ചു. 1976ൽ ഭൂമി നൽകിയത് വിദ്യാധിരാജ സഭയെന്ന സൊസൈറ്റിക്കാണ് . എന്നാൽ ഇപ്പോൾ ഭൂമി നോക്കുന്നത് വിദ്യാധിരാജ ട്രസ്റ്റാണ്. ഇത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് തീർത്ഥപാദമണ്ഡപം തിരിച്ചെടുക്കാൻ റവന്യൂപ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത്. സൊസൈറ്റിക്ക് കൊടുത്ത ഭൂമി ട്രസ്റ്റിന് കൈമാറാൻ അവകാശമില്ല. തിരിച്ചെടുക്കുന്ന ഭൂമിയിൽ  കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കം പരിഹരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.