ആശുപത്രി വളപ്പിൽ വഴിയടച്ച് പ്രതിഷേധക്കാർ; ഒരു മണിക്കൂറിന് ശേഷം രാഹുലിനെ പുറത്തിറക്കി പൊലീസ്, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി

Published : Jan 11, 2026, 01:17 PM IST
rahul protest

Synopsis

വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പൊലീസും. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയത്.

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പുറത്തിറക്കി. വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പൊലീസ്. എന്നാൽ കൂടുതൽ പൊലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പൊലീസും. ആശുപത്രിയുടെ രണ്ടു ​ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പൊലീസിനെ പ്രതിസന്ധിയിലാക്കിയത്. അതേസമയം, രാഹുലിനെ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചു. റിമാന്റ് ചെയ്യുകയാണെങ്കിൽ കൊട്ടാരക്കര ജയിലിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോവുക.

മൂന്നാമത്തെ ബലാത്സം​ഗ പരാതിയിൽ രാ​ഹുലിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പ്രവർത്തകർ മു​ദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചെത്തിയത്. ഇന്നലെ അർദ്ധരാത്രി പാലക്കാട് നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ രാഹുലിനെ ആറര മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് വൈദ്യപരിശോധനക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. രാഹുലിനെ പുറത്തിറക്കാൻ കഴിയാത്ത വിധത്തിൽ വാഹനം വളഞ്ഞാണ് പ്രതിഷേധക്കാര്‍ സംഘടിച്ചെത്തിയത്. സമരക്കാര്‍ രാഹുലിനെ കൂവിവിളിച്ചു. തുടർന്ന് ആശുപത്രി വളപ്പിൽ തമ്പടിച്ചു. ഇതോടെ പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്

മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്. കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പൊലീസ് വിവരിച്ചിട്ടുണ്ട്. നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന വിഴിഞ്ഞം, നിലനിർത്താൻ സിപിഎം, തിരിച്ചുപിടിക്കാൻ കോൺഗ്രസ്, ബിജെപിക്ക് നിർണായകം
'രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളിൽ കോൺ​ഗ്രസിന് രണ്ട് നിലപാട്, പരോക്ഷമായി പിന്തുണ നൽകുന്നു': പി രാജീവ്