
പത്തനംതിട്ട: തിരുവല്ല സ്പാ കൂട്ടബലാത്സംഗ കേസിൽ പ്രതികൾ സംസ്ഥാനം വിട്ടുവെന്ന് സൂചന. ഒന്നാംപ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവരാണ് ഇതുവരെ പിടിയിലായത്. മറ്റ് നാലുപേരാണ് ഒളിവിലുള്ളത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തകയും ഒത്താശ ചെയ്തെന്ന് അതിജീവിത വെളിപ്പെടുത്തിയിരുന്നു. ഈ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും പൊലീസ് അന്വേഷണം നീളും. കേസിൽ കൂടുതൽ പേർ പ്രതികളാകാനും സാധ്യതയുണ്ട്. തിരുവല്ലയിൽ ഗുണ്ടാ കൂട്ടുകെട്ടുള്ള പൊലീസുകാർ മാസപ്പടി പറ്റുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങി.
അതേസമയം, ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉടമയുടെ ആരോപണം അന്വേഷിക്കും പൊലീസ് വ്യക്തമാക്കി. കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികൾ. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.
കേസിൽ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് റിപ്പോർട്ട്. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് ക്രിമിനൽ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.
കേരളം നടുങ്ങിയ ബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. കൊടും ക്രിമിനലായ മരണ സുബിന്‍ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിൻ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യിൽ പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓർക്കാൻ പോലും കഴിയില്ലെന്ന് സ്പാ ജീവനക്കാരിയായ അതിജീവിത പറയുന്നു.
സ്പായിൽ ആ സമയം ഉണ്ടായിരുന്ന കസ്റ്റമറെയും സുബിൻ മർദ്ദിച്ചു. ക്വട്ടേഷൻ കിട്ടിയാണ് താൻ സ്ഥാപനത്തിൽ എത്തിയതെന്നും സുബിൻ തന്നെ വെളിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. അതേസമയം, ബിസിനസ് എതിരാളികൾ നൽകിയ കൊട്ടേഷൻ ആണെന്നും പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നും സ്പാ ഉടമ ആരോപിച്ചു. സ്പാ കേസിന് പിന്നിൽ പൊലീസ് - ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ആഭ്യന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സ്പാപായിൽ നിത്യ സന്ദർശകരും മാസപ്പടിവാങ്ങുന്നവരുമായ പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് വിവരം. അവരുടെ ബലത്തിലാണ് ക്രിമിനൽ സംഘവും ഗുണ്ട പിരിവിനും മറ്റുമായി ഇറങ്ങുന്നത് എന്നാണ് ആക്ഷേപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam