
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയെ വീട്ടിലെത്തി കണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജഗതി വാർഡിലെ ഇടതു സ്ഥാനാർത്ഥി പൂജപ്പുര രാധാകൃഷ്ണൻ. എകെ ആന്‍റണി താമസിക്കുന്ന ജഗതി വാര്‍ഡിലാണ് പൂജപ്പുര രാധാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. തന്നെ കാണാൻ വന്നതിൽ സന്തോഷമുണ്ടെന്നും നടനായ പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെന്നുമാണ് കൂടിക്കാഴ്ചയോട് എകെ ആന്‍റണി പ്രതികരിച്ചത്. പൂജപ്പുര രാധാകൃഷ്ണനെ ഇഷ്ടമാണെങ്കിലും ആശംസിക്കാനോ വോട്ട് തരാനോ കഴിയില്ലെന്നും എകെ ആന്‍റണി പറഞ്ഞു. കോൺഗ്രസുകാരനായതുകൊണ്ടാണ് എകെ ആന്‍റണി അനുഗ്രഹിക്കാത്തതെന്നാണ് പൂജപ്പുര രാധാകൃഷ്ണന്‍റെ മറുപടി. എങ്കിലും ഇതെല്ലാം ഇഷ്ടമാണെന്നും ജനാധിപത്യമല്ലേയെന്നും പറഞ്ഞ പൂജപ്പുര രാധാകൃഷ്ണൻ തനിക്ക് രാഷ്ട്രീയ ശത്രുക്കളില്ലെന്നും എതിരാളികള്‍ മാത്രമേയുള്ളുവെന്നും പറഞ്ഞു. ആരോഗ്യകരമായ മത്സരത്തിൽ ഇത്തരം സന്തോഷങ്ങൾ വേണമെന്നും പൂജപ്പുര രാധാകൃഷ്ണൻ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ജഗതിയിലെ എകെ ആന്‍റണിയുടെ അഞ്ജനം എന്ന വീട്ടിൽ പൂജപ്പുര രാധാകൃഷ്ണൻ പ്രവര്‍ത്തകര്‍ക്കൊപ്പമെത്തിയത്. സ്ഥാനാര്‍ത്ഥിയെ വീട്ടിലേക്ക് ഹൃദ്യമായി സ്വീകരിച്ച എകെ ആന്‍റണിയുടെ കാലിൽ തൊട്ടാണ് പൂജപ്പുര രാധാകൃഷ്ണൻ അനുഗ്രഹം തേടിയത്. നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച പരമാവധി വോട്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൂജപ്പുര രാധാകൃഷ്ണൻ.എകെ ആന്‍റണിയെ കണ്ട് മടങ്ങിയതിന് പിന്നാലെ ശാസ്തമംഗലത്തെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആ ശ്രീലേഖയെ വഴിയിൽ കണ്ടപ്പോൾ കുശലാന്വേഷണം നടത്തിയശേഷമാണ് പൂജപ്പുര രാധാകൃഷ്ണൻ പ്രചാരണം തുടര്‍ന്നത്. എകെ ആന്‍റണിയുടെ വീടായ അഞ്ജനത്തിൽ ഇനിയുള്ള ദിവസങ്ങളിൽ തിരക്കോട് തിരാക്കാകും. പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള സ്ഥാനാർത്ഥികൾ അനുഗ്രഹത്തിനായി ഗേറ്റ് കടന്നെത്തും. കേരള കോണ്‍ഗ്രസ് ബിയുടെ സ്ഥാനാര്‍ത്ഥിയായാണ് പൂജപ്പുര രാധാകൃഷ്ണൻ മത്സരിക്കുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിർത്താൻ കച്ചക്കെട്ടിയ സി പി എമ്മിന്‍റെ സ്ഥാനാർഥി പട്ടിക, ചെറുപ്പവും പരിചയസമ്പത്തും അനുഭവ പരിചയവും കൈമുതലാക്കിയുള്ളതാണ്. അതത് മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ളവരെയും യുവത്വത്തെയും ഒരുപോലെ പരിഗണിച്ചാണ് സി പി എം പട്ടിക പുറത്തിറക്കിയിരിക്കുന്നത്. പ്രമുഖ സ്ഥാനാർഥികൾക്കെതിരെ 'നാട്ടുകാരെ' ഇറക്കിയുള്ള നീക്കം ഗുണം ചെയ്യുമെന്നാണ് സി പി എം പ്രതീക്ഷിക്കുന്നത്. കവടിയാറിലെ കോൺഗ്രസിന്‍റെ താര സ്ഥാനാർഥി ശബരിനാഥനെതിരെ നാട്ടുകാർക്കെല്ലാം സുപരിചിതനായ സുനിൽകുമാറിനെയാണ് തുറുപ്പുചീട്ടായി ഇറക്കിയിരിക്കുന്നത്. ശാസ്തമംഗലത്ത് ബി ജെ പിക്ക് വേണ്ടി രംഗത്തിറങ്ങിയ മുൻ ഡി ജി പി ആർ ശ്രീലേഖയയെ നേരിടാനുള്ള നിയോഗം നാട്ടുകാരിയായ ആർ അമൃതയെയാണ് സി പി എം ഏൽപ്പിച്ചിരിക്കുന്നത്.
4 ജില്ലാ കമ്മിറ്റി അംഗങ്ങളും 3 ഏരിയ സെക്രട്ടറിമാരടക്കമുള്ള പട്ടികയിൽ വലിയ പ്രതീക്ഷയാണ് സി പി എം പങ്കുവച്ചിട്ടുള്ളത്. പേട്ടയിൽ മത്സരിക്കുന്ന എസ് പി ദീപക്, വഞ്ചിയൂരിൽ മത്സരിക്കുന്ന വഞ്ചിയൂർ ബാബു, ചാക്കയിൽ പോരിനിറങ്ങുന്ന ശ്രീകുമാർ, പുന്നയ്ക്കാമുഗളിലെ സ്ഥാനാർഥി ശിവജി ആർ പി, കുന്നുകുഴിയിലെ ബിനു ഐ പി, ജഗതിയിലെ പൂജപ്പുര രാധാകൃഷ്ണൻ എന്നിവരാണ് ശ്രദ്ധേയ സ്ഥാനാർഥികൾ. നിലവിലെ മേയർ ആര്യ രാജേന്ദ്രൻ തലസ്ഥാനം പിടിക്കാനുള്ള പോരാട്ടത്തിനില്ല എന്നതാണ് സി പി എം പട്ടികയിലെ ശ്രദ്ധേയമായ ഒരു കാര്യം.
എൽ ഡി എഫ് 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മത്സര ചിത്രം തെളിഞ്ഞു. നേരത്തെ കോണ്‍ഗ്രസും, ബി ജെ പിയും ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള എട്ടു സീറ്റിൽ എൽഡിഎഫ് പിന്നീട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സി പി എം 70 സീറ്റിലും സി പി ഐ 17 സീറ്റുകളിലും മത്സരിക്കും. ജനതാദള്‍ എസ് 2, കേരള കോണ്‍ഗ്രസ് എം 3, ആര്‍ ജെ ഡി 3 എന്നിങ്ങനെയും മത്സരിക്കും. ബാക്കിയുള്ള ഘടകക്ഷികള്‍ ഒരോ സീറ്റിലും മത്സരിക്കും. ബി ജെ പിയും കോണ്‍ഗ്രസും പ്രമുഖരെ അണിനിരത്തി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സി പി എമ്മും പ്രമുഖരെ അണിനിരത്തി മത്സരത്തിനിറങ്ങുന്നത്.