
കൊച്ചി: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോർജ് ( PC George) നാളെ ഹൈക്കോടതിയെ സമീപിക്കും. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് പി സി ജോർജ് ഹർജി നൽകുക. ജാമ്യവ്യവസ്ഥകളുടെ ലംഘനം എന്ന പേരിൽ തെറ്റായ വിവരങ്ങൾ തിരുവനന്തപുരത്തെ കോടതിയിൽ നൽകിയാണ് പ്രോസിക്യൂഷൻ തന്‍റെ ജാമ്യം റദ്ദാക്കിയതെന്നാകും പ്രധാന വാദം.
ജാമ്യം റദ്ദാക്കിയ തിരുവനന്തപുരത്തെ കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടും. നാളെത്തന്നെ ഹർജി പരിഗണിക്കണമെന്നും ആവശ്യപ്പെടും. വെണ്ണല പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഇതിൽ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ കേസിൽ പി സി ജോർജ് ഹാജരായെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും കോടതിയുത്തരവനുസരിച്ച് ജാമ്യം നൽകിയെന്നും പ്രോസിക്യൂഷൻ അറിയിക്കും.
Read Also : തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്യാമെന്ന് കോടതി
ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പത്ത് പേജുള്ളതാണ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്.
അനന്തപുരി ഹിന്ദുമഹാ സമ്മേളത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിലാണ് പി സി ജോർജിനെ ഫോർട്ട് പൊലീസ് കേസെടുത്തത്. ഉത്തരേന്ത്യയിലെ ചില തീവ്ര നിലപാടുള്ള നേതാക്കളെ പോലും കടത്തിവെട്ടും വിധത്തിലുള്ള ജോർജിന്‍റെ പ്രസംഗം വൻ വിവാദത്തിലായിരുന്നു. 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്വേഷം പരത്തുന്ന വാക്കുകൾ ഉപയോഗിച്ച് സാമൂഹിക ഐക്യം തകർക്കാനും മനപ്പൂർവ്വം സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചതിനുമാണ് 153 എ വകുപ്പ് ചുമത്തൽ. വാക്കും പ്രവൃത്തിയും കൊണ്ട് ഒരു മതത്തെയോ മതവികാരത്തെയു വ്രണപ്പെടുത്തിയതിനാണ് സെക്ഷൻ 295 എ യും ചുമത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam