Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം വിദ്വേഷ പ്രസംഗം; പി സി ജോര്‍ജിന്‍റെ ജാമ്യം റദ്ദാക്കി, അറസ്റ്റ് ചെയ്യാമെന്ന് കോടതി

ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അറസ്റ്റ് ചെയ്ത ജോർജിന് അന്നു തന്നെ ജാമ്യം അനുവദിച്ചിരുന്നു
 

The bail of PC George in the hate speech case has been canceled
Author
Trivandrum, First Published May 25, 2022, 2:39 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജിന്‍റെ (P C George) ജാമ്യം റദ്ദാക്കി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നൽകിയിരുന്ന ജാമ്യമാണ് റദ്ദാക്കിയത്. അനിവാര്യമെങ്കില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്യാമെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. ജാമ്യവ്യവസ്ഥകള്‍ പി സി ജോര്‍ജ് ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പി സി ജോർജ് ജാമ്യം ദുരുപയോഗം ചെയ്തുവെന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ജാമ്യം കിട്ടി 10 ദിവസത്തിനുള്ളില്‍ പി സി ജോര്‍ജ് വ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് പത്ത് പേജുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവില്‍ പറയുന്നത്. 

അതേസമയം വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായി. പി സി ജോര്‍ജിന് പിന്തുണയുമായി ബിജെപി നേതാക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി. പാലാരിവട്ടം സ്റ്റേഷനില്‍ പ്രതിഷേധവുമായെത്തിയ പിഡിപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം സിറ്റി പൊലീസ് സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോ‍ർജിനെതിരെ കേസെടുത്തിരുന്നത്. തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയി. 

ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ഈ ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്. കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

Follow Us:
Download App:
  • android
  • ios