
തിരുവനന്തപുരം: കഠിനംകുളത്ത് പ്രചാരണം കഴിഞ്ഞെത്തിയ സ്ഥാനാർഥിയെയും ഭർത്താവിനേയും അക്രമിക്കാൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കഠിനംകുളം സ്വദേശികളായ ആദികേശവ്(19), സന്ദീപ്(19), ഹരീഷ്ബാബു(29) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കുറുച്ചി വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനെയും ഭർത്താവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർത്ഥിയുടെ ബന്ധുക്കളെയും സംഘം കൈയ്യേറ്റം ചെയ്തിരുന്നു.
പുതുക്കുറിച്ചി നോർത്ത് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് എയ്ഞ്ചൽ. പ്രചരണം കഴിഞ്ഞ് ഇന്നലെ വീട്ടിലെത്തിയപ്പോൾ എട്ടോളം വരുന്ന സംഘമെത്തി വീടിന് സമീപത്ത് ബഹളം വച്ചു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ സ്ഥാനാർത്ഥിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. തടയാനെത്തിയ ഭർത്താവിനെയും ബന്ധുക്കളെയും സംഘം മർദിച്ചെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റ സ്ഥാനാർത്ഥിയും ഭർത്താവും ബന്ധുക്കളും അടുത്തുള്ള പുത്തൻതോപ്പ് ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
വീടിന് സമീപത്ത് യുവാക്കൾ തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടാക്കിയപ്പോൾ സ്ഥാനാർത്ഥിയുടെ ഭർത്താവും ബന്ധുക്കളും വിലക്കിയതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സമീപത്തെ വിവാഹ പാർട്ടിയിലെത്തി മദ്യപിച്ച ശേഷമാണ് ഇവർ ബഹളമുണ്ടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam