
കൊച്ചി: എംഎസ്എഫ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ വധക്കേസ് വിധിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമും. കോടതിയുടെ നിഗമനത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിൽ ഗവൺമെന്റ് അപ്പീലിന് പോകുമെന്നും അത് പ്രോസിക്യൂഷനാണ് പറയേണ്ടതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ഗവൺമെന്റിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ കാത്തിരിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു. വിധിയിൽ അപ്പീൽ പോകേണ്ടി വരുമെന്നാണ് പിഎംഎ സലാമിൻ്റെ പ്രതികരണം.
13 പേർ കുറ്റക്കാരന് കോടതി കണ്ടെത്തിയിട്ടുണ്ട്. നിയമത്തെക്കുറിച്ച് പറയുകയും കോടതിയുടെ വിധിക്കെതിരെ നീങ്ങുകയും ചെയ്യുന്നത് ശരിയല്ല. കോടതിയുടെ കണ്ടെത്തലിൽ അഭിപ്രായവ്യത്യാസം ഉള്ളവർക്ക് നിയമപരമായി തന്നെ നീങ്ങാൻ അവസരമുണ്ട്. വിധി പകർപ്പ് കിട്ടിയെങ്കിൽ മാത്രമേ അന്വേഷണത്തിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയൂ. ഗൂഢാലോചന പൂർണമായി തെളിയിക്കാൻ പറ്റിയില്ല എന്നേയുള്ളൂ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
സിപിഎം നേതാക്കൾ കുറ്റക്കാർ അല്ലെന്ന് കോടതി പറഞ്ഞിട്ടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. അവർക്ക് എതിരായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയാണ് ചെയ്തത്. അവർ കുറ്റക്കാർ അല്ലാത്തത് കൊണ്ടല്ല, തെളിവുകൾക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല എന്നതാണ്. സാക്ഷികൾക്ക് നേരെ ഭീഷണി ഉണ്ടായി. ഇനി രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകരുത്. അപ്പീൽ പോകേണ്ടി വരും. ആദ്യത്തെ അന്വേഷണം കുറ്റമറ്റത് ആയിരുന്നില്ല. അത് കൊണ്ടാണ് സിബിഐ അന്വേഷണം കോടതിയിൽ പോയി നേടിയെടുത്തത്. 13 പ്രതികളെ ശിക്ഷിച്ചു. ഡിവൈഎഫ്ഐ നേതാക്കളും സിപിഎം നേതാക്കളുടെ മക്കളും ആണ് പ്രതികൾ. കോടതി വിധിയിലൂടെ സിപിഎം ബന്ധം വ്യക്തമായെന്നും പിഎംഎ സലാം വ്യക്തമാക്കി.
അരിയിൽ ഷുക്കൂർ വധക്കേസിൽ 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ സിബിഐ കോടതി കണ്ടെത്തി. പി ജയരാജനും ടി വി രാജേഷും അടക്കം 18 പ്രതികളെ വെറുതെ വിട്ടു. ഒന്നാം പ്രതി കെ വി സുമേഷും മൂന്നാം പ്രതി അനൂപും ഉൾപ്പെടെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഏഴ് പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. കുറ്റക്കാർക്കെതിരായ ശിക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് വിധിക്കും. 2012 ഫെബ്രുവരി 12നാണ് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽവെച്ച് 23കാരനായ ഷുക്കൂർ കൊല്ലപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam