
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തങ്ങൾക്കെതിരെ ചുമത്തിയത് കള്ളക്കേസെന്ന് പന്തീരാങ്കാവിൽ അറസ്റ്റിലായ പ്രതികൾ. ലഘുലേഖകൾ തങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ഭരണകൂട ഭീകരതയാണ് നടന്നതെന്നും പ്രതികൾ പറഞ്ഞു. സിപിഎം തിരുവണ്ണൂർ മിനി ബൈപ്പാസ് ബ്രാഞ്ച് കമ്മറ്റി അംഗം അലൻ ഷുഹൈബ്, പാറമ്മൽ ബ്രാഞ്ച് കമ്മറ്റി അംഗം താഹ ഫസൽ എന്നിവരെയാണ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്.
യുഎപിഎ വകുപ്പ് 20,38, 39, വകുപ്പുകൾ പ്രകാരമാണ് അലനും താഹക്കുമെതിരെ കേസെടുത്തിരിക്കുന്നത്. 20-നിരോധിത സംഘടനയിൽ അംഗമാവുക 38 - ലഘുലേഖകൾ വിതരണം ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക, 39- ആശയം പ്രചരിപ്പിക്കുക എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇരുവരെയും15 ദിവസത്തേക്ക് റിമാന്റ് ചെയ്തു. രണ്ട് പേരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
തങ്ങളുടെ കയ്യിൽ ലഘുലേഖ കണ്ടെടുത്തിട്ടില്ലെന്ന് താഹ ഫൈസൽ പറഞ്ഞു. സിഗരറ്റ് വലിച്ചുകൊണ്ടിരുന്ന തന്നെ പിടിച്ച് വലിച്ച് കൊണ്ടു പോയി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ളത് കള്ളക്കേസുകളാണ് . സ്റ്റേഷന്റെ അകത്തു വച്ച് പൊലീസ് മർദ്ദിച്ചുവെന്നും താഹ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളക്കേസാണെന്ന ആരോപണം അലനും ആവർത്തിച്ചു. തങ്ങളുടെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയിട്ടില്ല. നടന്നത് ഭരണകൂട ഭീകരതയെന്നും അലൻ പറഞ്ഞു. അതേ സമയം കോഴിക്കോട് പന്തീരങ്കാവിൽ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ പൊലീസ് ന്യായീകരിച്ചു. യുഎപിഎക്ക് വ്യക്തമായ തെളിവുണ്ടന്ന് ഐജി അശോക് യാദവ് പറഞ്ഞു. ആശയ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ലഘുലേഖ പ്രതികൾ കയ്യിൽ വച്ചതെന്നും പൊലീസ് പറയുന്നു.
ഇന്നലെ വൈകീട്ട് ആറ് മണിയോടെ ആണ് പന്തീരങ്കാവ് ടൗണിൽ വച്ചാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. അട്ടപ്പാടിയിൽ നാലു മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെതിരെ സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam