
ആലപ്പുഴ: യുഡിഎഫും ബിജെപിയും സിഎജിയെ കൂട്ടുപിടിച്ച് കിഫ്ബിയ്ക്ക് എതിരെ നീങ്ങുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു. യുഡിഎഫ് കാലത്ത് നടത്തിയത് പോലെ വായ്പ എടുത്താണ് എൽഡിഎഫും വികസനം നടത്തുന്നത്. അന്നാരും എതിർത്തില്ല. സിഎജി അല്ല ഏത് കൊലകൊമ്പൻ വന്നാലും വികസനം തടയാൻ കഴിയില്ല. ജനങ്ങൾ സർക്കാരിൻറെ കൂടെ ആണ് എന്നും മന്ത്രി പറഞ്ഞു.
എല്ലാം ഭരണഘടന വിരുദ്ധം ആണെന്നാണ് സിഎജിയുടെ പെട്ടെന്നുള്ള കണ്ടുപിടുത്തം. വികസന പ്രവർത്തനങ്ങൾ ക്ക് എതിരെ സിഎജി പറഞ്ഞ കാര്യത്തിൽ പ്രതിപക്ഷ നേതാവിന് ഒന്നും പറയാൻ ഇല്ല. മറിച്ച് കരട് ആണോ അന്തിമം ആണോ എന്നതാണ് അദ്ദേഹത്തിൻ്റെ പ്രശ്നമെന്നും മന്ത്രി കുറ്റപ്പെടുത്തി.
സിഎജി റിപ്പോർട്ടിനെക്കുറിച്ച് നുണ പറഞ്ഞ് സഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കരട് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്ന് പറഞ്ഞാണ് ഐസക് മാധ്യമങ്ങളെ കണ്ടത്. സിഎജി വാർത്താക്കുറിപ്പിറക്കിയതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ വീണ്ടും നുണകളുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. തുടർച്ചയായി പച്ചക്കള്ളം പറയുന്ന മന്ത്രി രാജി വയ്ക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam