
കൊച്ചി: കൊച്ചി വാഹനാപകടത്തിൽ കടവന്ത്ര എസ്എച്ച്ഒ മനുരാജിന് സ്ഥലമാറ്റം. കാസർഗോഡ് ചന്തേര സ്റ്റേഷനിലേക്കാണ് മാറ്റിയത്. മനുരാജ് യുവാവിനെ വാഹന ഇടിച്ച ശേഷം നിർത്താതെ പോയത് വിവാദമായിരുന്നു. സംഭവത്തില്‍ മനുരാജിനെതിരെ പൊലീസ് ഇന്ന് കേസെടുത്തിരുന്നു. അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെയാണ് സ്ഥലമാറ്റം. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
കെ എല്‍ 64 F 3191 നമ്പറിലുള്ള കാറാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലെ ഒരു വനിത ഡോക്ടറുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കാര്‍. അപകട സമയത്ത് കാറോടിച്ചിരുന്നത് കടവന്ത്ര എസ് എച്ച് ഒ മനുരാജാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ അപകടകരമായി വാഹനമോടിക്കല്‍, അപകടത്തിലൂടെ പരിക്കേല്‍പ്പിക്കല്‍ അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അപകടത്തിന് പിന്നാലെ പൊലീസ് ഇൻസ്പെക്ടര്‍ വാഹനം നിര്‍ത്താതെ പോയതും പരിക്കേറ്റ യുവാവിന്‍റെ പരാതിയില്‍ തോപ്പുംപടി പൊലീസ് കേസെടുക്കാൻ വൈകിയതുമാണ് ഈ കാറപകടം വിവാദമാക്കിയത്. എഫ്ഐആറില്‍ പൊലീസ് ഇൻസ്പെക്ടറുടെ പേര് ചേര്‍ക്കാതെ ഡ്രൈവര്‍ എന്ന് മാത്രം രേഖപ്പെടുത്തിയത് കേസ് അട്ടിമറിക്കാനുള്ള പൊലീസിന്‍റെ ശ്രമമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അന്വേഷിക്കാൻ മട്ടാഞ്ചേരി എ.സി.പി കെ ആര്‍ മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്.
പരാതിക്കാരനായ മട്ടാഞ്ചേരി സ്വദേശി വിമലില്‍ നിന്നും നിന്ന് വിശദമായ മൊഴിയെടുത്ത സംഘം വൈകാതെ പൊലീസ് ഇൻസ്പെക്ടര്‍ മനുരാജില്‍ നിന്നും മൊഴിയെടുക്കും. കാറുടമയായ വനിതാ ഡോക്ടരില്‍ നിന്നും സംഘം വിവരം ശേഖരിക്കും. അപകടത്തിന് ദൃക്സാക്ഷികളുണ്ട്. അവരില്‍ നിന്നും അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ ഇൻസ്പെക്ടറെ ബൈക്കില്‍ പിന്തുടര്‍ന്ന ആളുകളുടേയും മൊഴിയും പ്രത്യേക അന്വേഷണ സംഘമെടുക്കും. ഇതോടൊപ്പം വിമലിന്‍റെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ തോപ്പുംപടി പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച്ചയുണ്ടായെന്ന ആരോപണവും സംഘം അന്വേഷിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam