
തിരുവനന്തപുരം: കേരളത്തിലെ ചില ജില്ലകൾ അതിരാവിലെ തണുത്ത് വിറയ്ക്കുമ്പോഴും മഴക്കാലം അവസാനിച്ചിട്ടില്ല. ഡിസംബർ മൂന്നിന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്.
അതേസമയം തമിഴ്നാടിനെയും ആന്ധ്ര പ്രദേശിനെയും പുതുച്ചേരിയെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായി. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദം ആയി മാറിയിരുന്നു. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമായി. അതേസമയം വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്ര പ്രദേശിന്‍റെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇന്നും മഴ മുന്നറിയിപ്പുണ്ട്. പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു. മൂന്ന് മരണമാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്‌തത്.
ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയിൽ ശ്രീലങ്കയിൽ മരണം 334 ആയി. 370 പേരെ കാണാതായെന്ന് സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയിൽ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതരാണുള്ളത്. രക്ഷാദൗത്യത്തിനിടെ ലങ്കൻ വ്യോമസേനയുടെ ബെൽ 212 ഹെലികോപ്റ്റർ തകർന്ന് വീണ്, പൈലറ്റ് വിങ് കമാൻഡർ നിർമൽ സിയാംബാല പിതിയ മരിച്ചു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മറ്റ് നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡിറ്റ് വായെ തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിലെ അധികാരങ്ങൾ തെറ്റായി പ്രയോഗിക്കില്ലെന്ന് പ്രസിഡന്‍റ് അനുര കുമാര ദിസനായകെ രാജ്യത്തോടുള്ള അഭിസംബോധനയിൽ ഉറപ്പ് നൽകി. രാജ്യത്ത് സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസംബർ 8 വരെ അടച്ചിടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam