അട്ടപ്പാടി മധു കേസ്: കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഒരാൾ കസ്റ്റഡിയിൽ

By Web TeamFirst Published Aug 10, 2022, 4:28 PM IST
Highlights

അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. പരിശോധനയിൽ 36 ലക്ഷം രൂപയും പിടികൂടി

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മ‍ർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ പ്രതി അബ്ബാസിന്റെ ഡ്രൈവർ ഷിഫാനെയാണ് കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടിയിലെ ഒറ്റമൂലി ചികിത്സാ കേന്ദ്രമായ വള്ളിയമ്മ ഗുരുകുലത്തിൽ നിന്നാണ് ഷിഫാനെ കസ്റ്റഡിയിൽ എടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഷിഫാൻ പിടിയിലായത്. ഒറ്റമൂലി ചികിത്സാ കേന്ദ്രത്തിൽ നിന്ന് മതിയായ രേഖകൾ ഇല്ലാത്ത 36 ലക്ഷം രൂപ പൊലീസ് പിടികൂടി. സാക്ഷികളെ സ്വാധീനിക്കാൻ എത്തിച്ച പണമാണ് ഇതെന്നാണ് സംശയം.

മധുകൊലക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി 16 ലേക്ക് മാറ്റി,സാക്ഷി വിസ്താരം ഹർജി പരി​ഗണിച്ചശേഷം

അതേസമയം അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതി ഈ മാസം 16ലേക്ക് മാറ്റി. മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതിയുടേതാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകൂ. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. ഈ വാദം സാധൂകരിക്കുന്ന രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം തുടങ്ങാനിരിക്കുകയായിരുന്നു. ദിവസം അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഹാജരാകാതിരുന്ന ക്രെയിൻ ഡ്രൈവർമാരായ ഇരുപത്തി അഞ്ചാം സാക്ഷി രാജേഷ്, ഇരുപത്തി ആറാം സാക്ഷി ജയകുമാർ എന്നിവരടക്കം, ഏഴുപേരെ ഇന്ന് വിസ്തരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേർ കൂറുമാറിയിരുന്നു. സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തിലാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.

തലതാഴ്ത്തി കേരളം! മധുക്കേസിൽ തിരിച്ചടി നേരിട്ട് പ്രോസിക്യൂഷൻ, കൂറുമാറ്റം തുടർക്കഥ, സാക്ഷി വിസ്താരം തുടരുന്നു

തുടർ കൂറുമാറ്റങ്ങൾക്കിടെയാണ് അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ പുരോഗമിക്കുന്നത്. രണ്ട് സാക്ഷികൾ കൂടി കഴിഞ്ഞ ആഴ്ച കൂറുമാറിയിരുന്നു. ഇരുപത്തിനാലാം സാക്ഷി മരുതൻ ആണ് ഒടുവിൽ കൂറുമാറിയത്. കഴിഞ്ഞ ബുധനാഴ്ച വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഇരുപത്തിരണ്ടാം സാക്ഷി മുരുകൻ അടുത്ത ദിവസം വിസ്താരത്തിനിടെ കൂറ് മാറിയിരുന്നു.  ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. ഇരുപത്തിമൂന്നാം സാക്ഷി ഗോകുൽ മാത്രമാണ് പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ടു എന്നായിരുന്നു ഗോകുൽ പൊലീസിന് നൽകിയ മൊഴി. കേസില്‍ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ മാത്രം സാക്ഷിയാണ് ഗോകുൽ. കേസിൽ ആകെ 122 സാക്ഷികൾ ആണ് ഉള്ളത്.

 

click me!