മാനന്തവാടിയിൽ മൂന്നേകാൽ കോടി പിടിച്ചപ്പോൾ സൽമാൻ വിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആര്? നിർണായക തെളിവ് ലഭിച്ചെന്ന് കസ്റ്റംസ്

Published : Nov 23, 2025, 10:26 AM IST
 Mananthavady hawala money seizure

Synopsis

പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതിയായ സൽമാൻ വടക്കൻ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടെന്ന് കസ്റ്റംസ്. കസ്റ്റംസ് സംഘം പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ച് വരികയാണ്.

മാനന്തവാടി: മാനന്തവാടിയിലെ മൂന്നേകാൽ കോടി രൂപയുടെ കുഴൽപ്പണ കടത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് കസ്റ്റംസിന് സംശയം. കുഴൽപ്പണം പിടിച്ചതിന് പിന്നാലെ മുഖ്യപ്രതി സൽമാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു. വടക്കൻ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചത്. ഇതു സംബന്ധിച്ച് കസ്റ്റംസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം തുടങ്ങി. കുഴൽപ്പണക്കടത്ത് നടത്തിയ സംഘങ്ങളുടെ ഫോൺ രേഖകൾ കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കസ്റ്റംസ് കുഴൽപ്പണം പിടിച്ചത്. ദീർഘനാളായി നിരീക്ഷണത്തിലുള്ള സംഘമാണ് പിടിയിലായത്. കർണാടകയിൽ നിന്നാണ് പണം കൊണ്ടുവന്നത്. വാഹനത്തിന്‍റെ ഡ്രൈവറുടെ സീറ്റിനടിയിൽ പ്രത്യേക അറയുണ്ടാക്കി മൂന്നേ കാൽ കോടി രൂപ കൊണ്ടുവരികയായിരുന്നു.

പിന്നാലെ പല സ്ഥലങ്ങളിലും കസ്റ്റംസ് റെയ്ഡ് നടത്തി. മുഖ്യ സൂത്രധാരൻ വടകര സ്വദേശിയായ സൽമാൻ ആണെന്ന് കസ്റ്റംസ് അറിയിച്ചു. സൽമാന്‍റെ ഫോണ്‍രേഖകൾ പരിശോധിച്ചപ്പോഴാണ് പണം പിടിച്ചതിന് പിന്നാലെ ഇയാൾ വടക്കൻ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി കസ്റ്റംസിന് കണ്ടെത്താൻ കഴിഞ്ഞത്. പല തവണ ഇയാൾ പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി കസ്റ്റംസിന് ഫോണ്‍ രേഖകളിൽ നിന്ന് വ്യക്തമായി. പൊലീസുകാരുടെ ഒത്താശയോടെയാണോ കുഴൽപ്പണം കടത്തിയതെന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്

കണ്ടെത്തിയത് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍

പണം കൊണ്ടുവരുന്നതിനായി ആസിഫിനെയും റസാഖിനെയും മുഹമ്മദ് ഫാസിലിനെയും സല്‍മാന്‍ പറഞ്ഞയക്കുകയായിരുന്നു. പണവുമായി മൂന്ന് പേരും മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് സുഹൃത്ത് മുഹമ്മദുമായി മാനന്തവാടിയിൽ എത്തിയപ്പോഴാണ് സല്‍മാന്‍ വലയിലാകുന്നത്. ഹവാല ഇടപാടുകാരായ സല്‍മാനും മുഹമ്മദും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ചിലരുടെ നിര്‍ദ്ദേശപ്രകാരം ബെംഗളുരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ച് നല്‍കാറുണ്ടെന്നും കമ്മീഷന്‍ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനന്തവാടി ബ്രാഞ്ചിലേക്ക് പണം അടങ്ങിയ പ്ലാസ്റ്റിക് ബാഗുകള്‍ കസ്റ്റംസിന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി കൊണ്ടുപോയി കൗണ്ടിംഗ് മെഷീന്റെ സഹായത്തോടെ പണം എണ്ണി തിട്ടപ്പെടുത്തിക്കുകയായിരുന്നു.

രഹസ്യവിവരം നിർണായകമായി

കസ്റ്റംസില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പാര്‍ട്ടി നടത്തിയ അവസരോചിതമായ വാഹന പരിശോധനയിലാണ് ഇത്രയും വലിയ തുക അനധികൃതമായി കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ കഴിഞ്ഞത്. നൂല്‍പ്പുഴ ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ പിള്ള, മാനന്തവാടി ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ പി റഫീഖ്, എസ് ഐ രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജോ മാത്യു, സി ആര്‍ വി എ എസ് ഐ അഷ്‌റഫ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി