
കണ്ണൂർ: കണ്ണൂർ ജില്ലയിൽ മൂന്ന് ബസപകടങ്ങളിലായി രണ്ട് മരണം. തോട്ടടയിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്ക് മരിച്ചു. ഇരുപതിലധികം പേർക്ക് പരിക്കേറ്റു. മട്ടന്നൂരിൽ സ്കൂൾ ബസ് കയറാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് ഏഴാം ക്ലാസുകാരൻ മരിച്ചു.
രാത്രി 12.45നാണ് തോട്ടട സെന്‍ററിൽ ദേശീയ പാതയിൽ അപകടമുണ്ടായത്. മണിപ്പാലിൽ നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു കല്ലട ട്രാവൽസിന്‍റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽ പെട്ടത്. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് മീൻ കയറ്റി വരികയായിരുന്നു ലോറി. വളവ് തിരിയുമ്പോൾ നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ലോറിയിൽ ഇടിച്ച് മറിഞ്ഞു.
സമീപത്തെ കടയിലേക്ക് ലോറി ഇടിച്ചുകയറി. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. യാത്രക്കാർ ഉറക്കത്തിലായിരുന്നു. മയക്കം വിട്ടപ്പോൾ കാണുന്നത് ബസ് മറിയുന്നതാണ്. 24 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഒമാനിൽ നിന്ന് നാല് ദിവസം മുമ്പ് നാട്ടിലെത്തിയ സാബിക്ക് എറണാകുളത്തെ സുഹൃത്തിന് സാധനങ്ങളുമായി പോകുമ്പോഴാണ് മരണം കവർന്നത്.
മട്ടന്നൂർ കുമ്മനത്താണ് ഏഴാം ക്ലാസുകാരൻ മുഹമ്മദ് റിദാൻ കെഎസ്ആർടിസി ബസിടിച്ച് മരിച്ചത്. സ്കൂൾ ബസിൽ കയറാൻ റോഡ‍് മുറിച്ചുകടക്കുന്നതിനിടെയാണ് ഇരിട്ടി ഭാഗത്തുനിന്ന് എത്തിയ ബസ് റിദാനെ ഇടിച്ചുതെറിപ്പിച്ചു. കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ചാണ് പത്ത് പേർക്ക് പരിക്കേറ്റത്. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
11 അടി നീളത്തിലുള്ള 7 വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു; എറണാകുളത്ത് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം