
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി ഇന്ന് നടത്താനിരുന്ന അത്താഴ വിരുന്നിൽ നിന്ന് പിന്മാറി കേരള-ബംഗാൾ-ഗോവ ഗവർണർമാർ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ഡിന്നർ വിവാദമാകുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റമെന്നാണ് വിവരം. ദില്ലിയിൽ ഗവർണറും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിർമ്മല സീതാരാമനും പങ്കെടുത്ത ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങ് ഒത്ത് തീർപ്പിൻ്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ ഡിന്നർ നയതന്ത്ര നീക്കം പാളി. രാജ്ഭവനിൽ കുടുംബ സമേതം ആഴ്ചകൾക്ക് മുമ്പ് എത്തിയായിരുന്നു മുഖ്യമന്ത്രി രാജേന്ദ്ര ആർലേക്കറെ ഡിന്നറിന് ക്ഷണിച്ചിരുന്നത്. ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെയും ബംഗാൾ ഗവർണർ സിവി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെയാണ് നേരിട്ട് ക്ഷണിച്ചത്. ആദ്യം അത്താഴത്തിന് വരാൻ ഗവർണർമാർ ഒരുക്കമായിരുന്നുവെന്നാണ് വിവരം, പക്ഷെ പിന്നീട് വിവാദമാകുമെന്ന് കണ്ടാണ് പിന്മാറ്റം. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആണ് ആദ്യം മുഖ്യമന്ത്രിയോട് 'നോ' പറഞ്ഞത്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങൾക്കിടെ ഡിന്നർ തെറ്റായ വ്യഖ്യാനങ്ങൾക്ക് ഇട നൽകുമെന്ന് ഗവർണർമാർ വിലയിരുത്തി എന്നാണ് സൂചന.
ദില്ലിയിലെ ബ്രേക്ക് ഫാസ്റ്റ് ചർച്ച ബിജെപി സിപിഎം ഒത്ത് തീർപ്പ് നീക്കത്തിൻ്റെ ഭാഗമാണെന്ന വിവാദം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണ ടി ഉൾപ്പെട്ട മാസപ്പടി കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ ഡിന്നർ പുതിയ വ്യാഖ്യാനങ്ങൾക്ക് ഇടയാക്കുമെന്ന് ഗവർണർമാർ വിലയിരുത്തിയെന്നാണ് സൂചന. ഇതോടെ മൂന്ന് ഗവർണമാർമാരും ഒരുമിച്ച് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വേണ്ടെന്ന് അറിയിച്ചത്. പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ആദ്യം മുഖ്യമന്ത്രിയെ അറിയിച്ചത് കേരള ഗവർണറായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ആനന്ദബോസ് ഇപ്പോൾ ചികിത്സയിലുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം